മഹാമാരിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് മഹാമാരിയെക്കുറിച്ച് കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. ആരോഗ്യ വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുമായി കമ്മീഷന് ചര്‍ച്ച ചെയ്തിരുന്നു. എല്ലാ പാര്‍ട്ടികളുമായി ഇക്കാര്യമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാകും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയെന്നും ഇലക്ഷന് കമ്മീഷന് അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ലത്തീഫ് നല്കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒരുലക്ഷത്തിന് അടുത്ത് കോവിഡ് രോഗികളാണുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ദുരന്തമായി മാറുമെന്നും ഹര്ജിക്കാരന് പറഞ്ഞിരുന്നു.
ഈ ഹര്‍ജിയിലാണ് കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനോ, തീയതിയോ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മീഷന് അന്തിമ തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല. എപ്പോള്‍, എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണം എന്നതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഇലക്ഷന് കമ്മീഷന് കോടതിയെ അറിയിച്ചു.