അഴിമതിയിൽ കുടുങ്ങി കാസർകോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം നിലച്ചപ്പോൾ തൃക്കരിപ്പൂർ നടക്കാവിൽ ജനപങ്കാളിത്തോടെ ഉയരുന്നത് വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം: പണി ഉടൻ തുടങ്ങും
തൃക്കരിപ്പൂർ : തൃക്കരിപ്പൂരിന്റെ ഫുട്ബോൾ പെരുമയ്ക്ക് തിലകമായി നടക്കാവ് വലിയ കൊവ്വൽ മൈതാനത്ത് വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം വരുന്നു. ജില്ലയുടെ കായികമേഖലയ്ക്കാകെ ഉണർവ് പകരുന്ന ഈ സംരംഭം സംസ്ഥാന സർക്കാർ പ്രശസ്ത ഫുട്ബാൾതാരവും പരിശീലകനുമായിരുന്ന എം.ആർ.സി. കൃഷ്ണന്റെ നാമധേയത്തിലാണ് നിർമിക്കുന്നത്. ഈ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
32 കോടിയാണ് ഇതിന് നീക്കിവെച്ചത്. കിഫ്ബി പദ്ധതിയിലാണ് നടപ്പാക്കുന്നത്. എന്നാൽ തുടർനടപടികൾ നീണ്ടുപോകുകയായിരുന്നു. മാണിയാട്ടെ ടി.വി. ബാലൻ സ്പോർട്സ് കൗൺസിൽ അംഗമായതോടെ നടത്തിയ ഇടപെടലുകളെ തുടർന്ന് 2019-ലാണ് തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. തുടർന്നാണ് ടെൻഡർ നടപടി തുടങ്ങിയത്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും അനുബന്ധ നിർമിതിയുടെയും രൂപരേഖ തയ്യാറാക്കിയത്. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം നടപടികൾ നീണ്ടു. സംസ്ഥാന കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ നടത്താൻ തീരുമാനിച്ചെങ്കിലും നീണ്ടു.
നടക്കാവ് വലിയ കൊവ്വൽ മൈതാനത്ത് നിലവിലുള്ള രാജീവ്ഗാന്ധി സിന്തറ്റിക് ടർഫിനനുബന്ധമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് കൈമാറിയ ആറരയേക്കറിൽ മൂന്നേക്കറിലാണ് നിർദിഷ്ട ഇൻഡോർ സ്റ്റേഡിയം. നിലവിലുള്ള സിന്തറ്റിക് ടർഫിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ഇത് പണിയും. സ്റ്റേഡിയത്തെ എല്ലാ കായികവിനോദങ്ങൾക്കായും ഒരു കുടക്കീഴിൽ സൗകര്യംമായി ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മിനി ഫുട്ബോൾ കോർട്ട്, കബഡി കോർട്ട്, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യം സ്റ്റേഡിയത്തിലൊരുക്കും. ഇൻഡോർ സ്റ്റേഡിയം പൂർത്തിയായാൽ ദേശീയതലത്തിലുള്ള മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ഇവിടം സ്ഥിരം വേദിയാകും.
വിവിധോദ്ദേശ്യ സ്റ്റേഡിയത്തിന്റെ സ്കെച്ച് നടക്കാവ് വലിയകൊവ്വൽ മൈതാനത്തെ സിന്തറ്റിക് ടർഫ്കായികമേഖലയ്ക്ക് കരുത്തേകും
വരും നാളുകളിൽ ജില്ലയ്ക്ക് മറ്റ് കായിക ഇനങ്ങളിലും വൻ മുന്നേറ്റം നടത്താൻ സാധിക്കും. അതിനുള്ള സൗകര്യമാണ് ഇൻഡോർ സ്റ്റേഡിയത്തിലൂടെ ഉണ്ടാകുന്നത്. എല്ലാ ഇനങ്ങളിലും പ്രഗല്ഭരായ പരിശീലകരെ നിയമിച്ച് ജില്ലയുടെ കായികമേഖല പരിപോഷിപ്പിക്കാൻ സർക്കാരും സംഘടനകളും അസോസിയേഷനുകളും തയ്യാവണം.
എം.ആർ.സി. കൃഷ്ണൻ സ്മാരക ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാവുന്നതോടെ തൃക്കരിപ്പൂർ ടൗൺഷിപ്പായി മാറും. ഒരുവർഷംകൊണ്ട് നിർമാണപ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തറക്കല്ലിടുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്യും. മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ എം.എൽ.എ. എന്നിവരുടെ നിരന്തര ഇടപെടലിലെ തുടർന്നാണ് നടക്കാവിൽ സ്റ്റേഡിയം അനുവദിച്ചത്.
ടി.വി. ബാലൻ (സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം)നിലവിലെ സിന്തറ്റിക് ടർഫിനും സംരക്ഷണം വേണം
ഇൻഡോർ സ്റ്റേഡിയം കായികമേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവും. ഒപ്പം നിലവിലെ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കണം. ടർഫിന്റെ ഫെൻസിങ് പിറകിലോട്ട് മാറ്റി ഗാലറി നിർമിക്കണം. മൈതാനിയിൽ ആവശ്യത്തിന് വെളിച്ചത്തിനുള്ള സൗകര്യവും ടർഫിന്റെ സംരക്ഷണപ്രവൃത്തിയും വേണം.
കെ.വി. ഗോപാലൻഫുട്ബോൾ കോച്ച്നാടിന് അഭിമാനം
ഇൻഡോർ സ്റ്റേഡിയം ഇനിയും നീണ്ടുപോകരുത്. ജില്ലയിൽ താനടക്കമുള്ളവരെ പരിശീലിപ്പിച്ച് വളർത്തിക്കൊണ്ടുവന്ന എന്റെ പിതാവ് എം.ആർ.സി. കൃഷ്ണന്റെ പേരിൽ ഇൻഡോർ സ്റ്റേഡിയം വരുന്നത് ഏറെ ആഹ്ളാദകരമാണ്. നിലവിലെ രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിന് പവലിയനടക്കമുള്ള സൗകര്യം ഇതോടൊപ്പം വരുന്നതിനാൽ ദേശീയതലത്തിലുള്ള മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ഇവിടം വേദിയാവും.
എം. സുരേഷ്മുൻ ഇന്ത്യൻ ഫുട്ബോൾതാരംപോരായ്മയ്ക്ക് പരിഹാരമാവും
സ്റ്റേഡിയങ്ങൾ വളർന്നുവരുന്ന കായികതലമുറയ്ക്ക് ഏറെ ഗുണകരമാകും. സ്റ്റേഡിയങ്ങൾ നിർമിച്ചതുകൊണ്ട് മാത്രം നമ്മുടെ കായികരംഗത്ത് നേട്ടങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. നിർമാണം മാത്രം പോര. അതിന്റെ പരിപാലനത്തിൽകൂടി ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ മാത്രമേ അതിന്റെ ഗുണം സമൂഹത്തിന് ലഭിക്കുകയുള്ളൂ.
ഷീബ സുമേഷ് (ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലക, കാലിക്കടവ്)കായികവളർച്ച കൈവരും
പുതിയ കായികപ്രതിഭകളെ വളർത്തിക്കൊണ്ടുവരാൻ നടക്കാവിൽ വരുന്ന ഇൻഡോർ സ്റ്റേഡിയംകൊണ്ട് കഴിയും.
മികച്ച സ്റ്റേഡിയങ്ങളുടെ അഭാവം കഴിവുള്ള കായികതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിന് തടസ്സമായി നിൽക്കുകയാണ്. നമുക്കും അന്താരാഷ്ട്രനിലവാരത്തിലുള്ള സ്റ്റേഡിയം വേണം. ഇൻഡോർ സ്റ്റേഡിയം അതിന് പരിഹാരമാവും. വിവിധ ഗെയിമുകൾക്ക് പ്രത്യേകം കോർട്ടുകളും നീന്തൽക്കുളവും വരുന്നത് കായികവികസനത്തിൽ കുതിപ്പാവും.