വികസനക്കുതിപ്പിൽ ചട്ടഞ്ചാൽ. ടാറ്റ കോവിഡ് ആശു പത്രി നാളെ നാടിന് കൈമാറും.
ചട്ടഞ്ചാൽ : ടാറ്റ ഗ്രൂപ്പ് പൊതുനന്മാഫണ്ടിൽനിന്ന് 60 കോടി രൂപ ചെലവിൽ പണിത സംസ്ഥാനത്തെ പ്രഥമ സമ്പൂർണ കോവിഡ് ആസ്പത്രി തെക്കിലിൽ ബുധനാഴ്ച സംസ്ഥാന സർക്കാറിന് കൈമാറും.
ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. കളക്ടർ ഡോ. ഡി.സജിത്ത് ബാബു താക്കോൽ ഏറ്റുവാങ്ങും. മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
കോവിഡ് നിരീക്ഷണത്തിനും ഐസോലേഷനുമായി 541 കിടക്കകളുള്ള ആസ്പത്രി 150 ദിവസംകൊണ്ടാണ് ഉയർന്നത്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന ഈ ഘട്ടത്തിൽ ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകില്ലെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
അതേസമയം കോവിഡ് ആസ്പത്രിയുടെ കവാടം ഹരിതാഭമാക്കാൻ കയർ ഭൂവസ്ത്രത്തിൽ പുൽത്തകിടി ഒരുങ്ങുന്നു. പെരിയ കൃഷിഭവന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പെരിയ അഗ്രോ സർവീസ് സെന്ററാണ് 15,000 ചതുരശ്രഅടി വിസ്തീർണത്തിൽ പൂർണമായി ജൈവരീതിയിൽ പച്ചപ്പ് തീർക്കുന്നത്.
ഇതിന്റെ ഒന്നാംഘട്ടം പൂർത്തിയായി. അഗ്രോ സർവീസ് സെന്ററിന്റെ ലാഭവിഹിതത്തിൽ നിന്ന് ആറുലക്ഷത്തോളം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്.
ദേശീയപാതയിൽനിന്ന് ആസ്പത്രിയിലേക്ക് പുതുതായി നിർമിച്ച റോഡ് എത്തിച്ചേരുന്ന ഭാഗമാണ് മനോഹരമാക്കുന്നത്. കയർ ഭൂവസ്ത്രം മണ്ണിലുറപ്പിക്കാൻ മുളയാണികളാണ് ഉപയോഗിച്ചത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പെരിയ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനത്തിന് കൃഷി അസി. ഡയരക്ടർ സ്മിത ഹരിദാസ്, പെരിയ കൃഷി ഓഫീസർ സി.പ്രമോദ്കുമാർ, ഫെസിലിറ്റേറ്റർ നബീസത്ത് ബീവി എന്നിവരാണ് നേതൃത്വം നൽകുന്നത്.