ജയ് ശ്രീരാം വിളിച്ചില്ല. ഉത്തർ പ്രദേശിൽ ടാക്സി ഡ്രൈവറെ തല്ലിക്കൊന്നു .
ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജയ് ശ്രീരാം വിളിക്കാത്തതിന് ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു. അഫ്താബ് എന്ന 45 കാരനെയാണ് രണ്ട് പേര് മര്‍ദ്ദിച്ചുകൊന്നത്.
എന്നാല്‍ ജയ് ശ്രീരാം വിളിക്കാത്തതിനാണ് കൊലപാതകമെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിക്കളഞ്ഞു.
ബുലന്ദ്ഷഹറില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രാ മധ്യേ രണ്ട് പേര് അഫ്താബിന്റെ ടാക്സിയില്‍ കയറുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ബദലാപുര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് പിതാവ് തന്നെ വിളിച്ചിരുന്നെന്നും അക്രമികള്‍ ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെടുന്നത് താന്‍ കേട്ടെന്നും അഫ്താബിന്റെ മകന് പറഞ്ഞു.
അതേസമയം കാര്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ ദാദ്രി പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നെന്നും അഫ്താബിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ കണ്ടെത്തിയിരുന്നെന്നും നോയിഡ എ.സി.പി രാജിവ് കുമാര്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ അഫ്താബ് കാറിനുള്ളിലുണ്ടായിരുന്നെന്നും അക്രമികള്‍ രക്ഷപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.