മൂന്ന് കോൺഗ്രസ്സ് എം.പിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പും മന്ത്രി സ്ഥാനവും
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാനത്തേക്ക് കൂട്ടത്തോടെ മടങ്ങാനൊരുങ്ങി കോൺഗ്രസ്സ് എം.പിമാര്‍. കെ. സുധാകരന്, അടൂര്‍ പ്രകാശ്, കെ. മുരളീധരന് തുടങ്ങിയ എം.പിമാരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്. മൂവരും ദേശീയ നേതൃത്വത്തെ ആഗ്രഹം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ പി.കെ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് മറ്റ് യു.ഡി.എഫ് എം.പിമാരും സംസ്ഥാനത്തേക്ക മടങ്ങാന്‍ തയ്യാറെടുക്കുന്നത്.
നിലവില്‍ കെ. മുരളീധരന് വട്ടിയൂര്‍ക്കാവിലും അടുര്‍ പ്രകാശ് കോന്നിയിലും പ്രവര്‍ത്തനം തുടങ്ങി. കെ. സുധാകരനും സംസ്ഥാനത്തേക്ക് മടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരമാണ് കെ. സുധാകരന് മത്സരിച്ചത്. മൂവരുടെയും താല്‍പ്പര്യത്തിന് അനുസൃതമായി ഹൈക്കമാന്‍ഡ് തീരുമാനിച്ചേക്കുമെന്നാണ് സൂചന.
എം.പിമാര്‍ രാജിവയ്ക്കുന്ന മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാലും അവിടെ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കേന്ദ്ര നേതൃത്വത്തെ ഇത്തരത്തില്‍ വിശ്വസിപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാനത്തേക്ക് മടങ്ങുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മന്ത്രി സ്ഥാനങ്ങളുമാണ് എം.പിമാരുടെ ലക്ഷ്യം.
ബീഹാറില്‍ ശക്തമായ സാന്നിധ്യമായി മാറുക, കേരളത്തിലും അസമിലും അധികാരം തിരിച്ചുപിടിക്കുക, തമിഴ്നാട്ടില്‍ മികച്ച പോരാട്ടം കാഴ്ച വയ്ക്കുക. ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് കൂടുതല്‍ സീറ്റ് നേടുക എന്നീ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.