സ്ത്രീകളെ ആംബുലൻസിൽ തനിച്ചുകൊണ്ടുപോകരുത്; ആറന്മുള പീഡനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആംബുലൻസ് യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിന് ഇരയായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി ഏഴുമണിയ്ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം മതിയെന്നാണ് പ്രധാന നിർദേശം.സ്ത്രീകളെ ആംബുലൻസിൽ തനിച്ചുകൊണ്ടുപോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആരോഗ്യവകുപ്പ് നിർദേശിച്ചു. അടിയന്തിരസാഹചര്യത്തിൽ ഡ്രൈവറെ കൂടാതെ ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടാകണം. രാത്രികാലങ്ങളിൽ അത്യാവശ്യഘട്ടമെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുള്ളൂ.ആറന്മുളയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പ് കൂടുതൽ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് വിളിച്ച് ചേർത്തിരിക്കുന്നത്.