മമ്മൂട്ടി തന്റെ വിദ്യാര്‍ത്ഥിയെന്ന് കെ.വി തോമസ്, 74 വയസുള്ള സാറെങ്ങനെ 69 വയസുള്ള മെഗാസ്റ്റാറിന്റെ ആദ്ധ്യാപകനാവുമെന്ന് സോഷ്യല്‍ മീഡിയ, നേതാവിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം : മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തിന് നിന്ന് നിരവധിയാളുകളാണ് മെഗാസ്റ്റാറിന് ആശംസയറിയിച്ചുകൊണ്ടിരിക്കുന്നത്.അതില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. അത്തരത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
‘എന്‍്റെ നല്ല വിദ്യാര്‍ത്ഥികളില്‍ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്നേഹത്തോടെ പിറന്നാള്‍ ആശംസകള്‍’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ.
https://www.facebook.com/kvthomasofficial/posts/3410445042356361
‘സാറിന് 74 വയസ് മമ്മൂക്കയ്ക്ക് 69 വയസ് അപ്പോള്‍ എങ്ങനെ മമ്മൂക്ക സാറിന്റെ വിദ്യാര്‍ത്ഥി ആകും’ എന്നായിരുന്നു നേതാവിന്റെ പോസ്റ്റ് കണ്ട ഒരാളുടെ സംശയം. കമന്റ് ശ്രദ്ധയില്‍പ്പെട്ട കെ.വി തോമസ് എങ്ങനെയാണ് മെഗാസ്റ്റാര്‍ തന്റെ വിദ്യാര്ത്ഥിയായതെന്ന് വിശദീകരിച്ചു.’1968 ല്‍ എന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് ഞാന്‍ തേവര തിരുഹൃദയ കലാലയത്തില്‍ അദ്ധ്യാപകനായി പ്രവേശിക്കുന്നത്. പ്രീഡിഗ്രി ക്ലാസ്സില്‍ കെമിസ്ട്രിയായിരുന്നു എന്റെ അദ്ധ്യാപന വിഷയം. മമ്മൂട്ടി എന്റെ ആദ്യവിദ്യാര്‍ത്ഥികളില്‍ ഒരാളാണ്’- അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം താന്‍ കുസൃതി കാണിച്ചതിന് തോമസ് മാഷ് ക്ലാസില്‍ നിന്നു പുറത്താക്കിയതായി ഒരു പംക്തിയില്‍ മമ്മൂട്ടി തന്നെ കുറിച്ചിരുന്നെന്നും നേതാവ് പറഞ്ഞു. രാജ്യത്തിന്റെ അംഗീകാരം നേടിയ ഒരു വലിയ നടന് എന്ന നിലയില്‍ മാത്രമല്ല എന്റെ വിദ്യാര്‍ത്ഥി എന്ന നിലയിലും മമ്മൂട്ടിയോട് എനിക്ക് ഏറെ സ്നേഹമുണ്ട്.മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാരും എനിക്കു ചിരപരിചിതരാണെന്ന് കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.