കുമ്പളയിൽ കാറുകൾ കൂട്ടിയിടിച്ച് കുഞ്ഞ് മരിച്ചു
രണ്ടുപേർക്ക് ഗുരുതരം.
കുമ്പള: കാസർകോട് കുമ്പള ദേശീയ പാതയിൽ ആരിക്കടി തങ്ങൾ വീടിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. പച്ചമ്പള കല്പാറയിലെ മൂസയുടെയും ഹഫ്സയുടെയും രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം.
ദേശീയപാതയിൽ ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ആറുപേരെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.