കരിപ്പൂരിൽ വീണ്ടും സ്വർണം പിടിച്ചു: ഡി ആർ ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ, ഉടുതുണിയില്ലാതെ ഓടിയ ഡ്രൈവർക്കുവേണ്ടി അന്വേഷണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു. രണ്ട് വിമാനങ്ങളിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 653 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. സ്പീക്കറിനുള്ളിലും ട്രോളി ബാഗിന്റെ വീലുകൾക്കുളളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.അതിനിടെ ഇന്നലെ കളളക്കടത്തുകാരുടെ വാഹനം പരിശോധിക്കുന്നതിനിടെ ഡി ആർ ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വർണം കടത്താൻ സഹായിച്ച നാലുപേർ കസ്റ്റഡിയിലായി. വിമാനത്താവളത്തിലെ ക്ലീനിംഗ് വിഭാഗത്തിലെ സൂപ്പർവൈസർമാരാണ് കസ്റ്റഡിയിലുളളത്. വിമാനത്തിലെ ടോയ്ലറ്റിൽ ഒളിപ്പിച്ച സ്വർണം ഇവർ പുറത്തെത്തിച്ചുകൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്.സ്വർണം കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവർ ഫസലിനുവേണ്ടി അന്വേഷണം തുടരുകയാണ്. അരീക്കോട് പത്തനാപുരം സ്വദേശിയായ ഇയാൾ ഉടുതുണിയില്ലാതെയാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സമീപത്തെ വയലിലൂടെ അടിവസ്ത്രത്തിൽ ഓടിയ ഫസൽ തൊട്ടടുത്ത വീട്ടുടമസ്ഥനെ വിളിച്ചുണർത്തി ഉടുതുണി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളാണ് സ്വർണക്കടത്ത് വാഹനം ഓടിച്ചതെന്ന് ബോധ്യമായത്. ഇയാളുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കളളക്കടത്തുകാരുടെ വാഹനത്തിൽ നിന്ന് നാലുകിലോ സ്വർണമാണ് പിടിച്ചെടുത്തത്.