കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന് നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശം നല്‍കിയത്. പാങ്ങോട് സ്വദേശിയും കുളത്തുപ്പുഴയിലെ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ പ്രദീപിനെതിരെയാണ് വകുപ്പ്തല നടപടി. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
സംഭവത്തില്‍ പ്രതിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറും. ഈ സാഹചര്യത്തിലാണ് പങ്ങോട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
പത്തനംതിട്ടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളം സ്വദേശിയായ പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.