മാപ്പ് പറയിപ്പിക്കല് ആരുടെ രീതി; പിണറായിയുടെ പൊലീസ് പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആജ്ഞകള്ക്കനുസരിച്ചോ ??
തിരുവനന്തപുരം : ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരനെന്ന നിലയില്‍, ഒരദ്ധ്യാപകനെന്ന നിലയില്‍ തീവ്രനിസ്സഹായതയിലേക്ക് തള്ളിവിട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്. ഓണത്തോടനുബന്ധിച്ച് കോട്ടയം നെടുങ്കുന്നം സെന്റ് തെരേസ സ്കൂള്‍ പ്രഥമാദ്ധ്യാപിക സിസ്റ്റര്‍ റീത്താമ്മ വാട്ട്സാപ്പിലൂടെ പങ്കുവച്ച ഓണ സന്ദേശവും അത് വിവാദമാക്കി കേസെടുപ്പിച്ച് മാപ്പു പറയിച്ച വീഡിയോയും ഹിന്ദുത്വവാദികളുടെ വീരസ്യവും നിങ്ങളും കണ്ടു കാണുമല്ലോ?
ഓണത്തെക്കുറിച്ച് കേരളത്തില്‍ പ്രചുരപ്രചാരത്തിലുള്ള മിത്ത് തന്നെയാണ് ടീച്ചറും പങ്കിട്ടത്. അതിനെ മനുഷ്യസമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച് സ്വയം ബലിയായ ചിലരുമായി (ഗാന്ധിജി, യേശു കൃസ്തു, മദര്‍ തെരേസ തുടങ്ങിയവര്‍) ചേര്‍ത്തു വയ്ക്കുകയാണ് ടീച്ചര്‍ ചെയ്തത്.
അതിന്റെ പേരിലാണ്, ഒരദ്ധ്യാപികയ്ക്കാണ് പോലീസ് സ്റ്റേഷനില്‍ പോവുകയും സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മാപ്പു പറയേണ്ടിയും വന്നത്.
അദ്ധ്യാപക സംഘടനകളേ, പ്രവര്‍ത്തകരേ, നിങ്ങള്‍ക്കീ പ്രശ്നത്തില്‍ തൊഴിലവകാശ നിഷേധവും തൊഴില്‍ പരമായ അന്തസ്സിന്റെ നിഷേധവും അനുഭവപ്പെടുന്നില്ലേ?
ഭാഗവതത്തിലും മറ്റ് ഉത്തരേന്ത്യന്‍ നരേറ്റീവുകളിലുമുള്ള മഹാബലിയും വാമനനുമാണോ ഇവിടുത്തെ മാവേലി എന്നതും ഓണമെങ്ങനെ മഹാബലിയുമായി ബന്ധപ്പെട്ടു എന്നതുമൊക്കെ നമുക്ക് എത്രയും ചര്‍ച്ച ചെയ്യാം. ‘മാവേലി നാടുവാണീടും കാലം..’ എന്ന വിഖ്യാത വാമൊഴി ഗീതത്തിന്റെ ആദിമ രേഖകള്‍ ഗുണ്ടര്‍ട്ടിന്റെ പോലും ശേഖരത്തിലുണ്ടല്ലോ.
ചരിത്ര വസ്തുതകളേക്കാള്‍ മിത്തുകളും പുരാവൃത്തങ്ങളും ഇഴചേര്‍ന്നു നില്ക്കുന്ന ഒരാഘോഷത്തിന്റെ പിന്നാമ്പുറത്ത് നിന്നും ‘ഒരൊറ്റ സത്യത്തെ’ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പാഴ് വേലയായിരിക്കും. എന്നാല്‍ മാവേലിയുടെ ഓര്‍മ്മകള്‍ക്ക് മേല്‍ വാമന വൈജയന്തി പ്രതിഷ്ഠിക്കാനുള്ള ഹിന്ദുത്വ വാദികളുടെ ശ്രമം അത്തരമൊരു നിരുപദ്രവ പാഴ് വേലയല്ല. അവര്‍ നടത്താനുദ്ദേശിക്കുന്ന രാഷ്ട്രീയാധിനിവേശത്തിന്റെ തുടര്‍ച്ചയാണ്.
മിത്തുകള്‍ക്കും പുരാവൃത്തങ്ങള്‍ക്കും ഭാവനകള്‍ക്കും രാഷ്ട്രീയത്തിലെ മൂലധന നിക്ഷേപം അവരോളം മറ്റാര്‍ക്കുമറിയില്ല. അതുകൊണ്ട് അക്കാദമികമോ സാംസ്കാരികമോ ആയ ഒരു സംവാദം അവരുടെ കാഴ്ചയില്‍ മതനിന്ദയും ദൈവനിഷേധവുമാവും. കേസെടുക്കാനും വിദ്വേഷ പ്രചരണത്തിനുമുള്ള കാരണവുമാവും. വാമനന് മാവേലിയെ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തി എന്ന് പറഞ്ഞതിന് മതനിന്ദയ്ക്ക് കേസെടുക്കുമെങ്കില്‍ എത്ര പേര്‍ക്കെതിരെ ഈ കേരളത്തില്‍ കേസെടുക്കേണ്ടി വരും? അപ്പോള്‍ ഈ കേസില്‍ ആ പരമാര്ശമല്ല, അതാരു പറഞ്ഞു എന്നതു കൂടിയാവും, യേശുവിന്റെ ചിത്രം പശ്ചാത്തലത്തില്‍ തൂങ്ങുമ്പോള് ഒരു കന്യാസ്ത്രീ ഞങ്ങളുടെ മൂര്‍ത്തിയെക്കുറിച്ച് പറഞ്ഞു എന്നതാവും ഈ വിദ്വേഷത്തിന് അടിവളവും ഇന്ധനവുമായത് എന്ന് വേണം കരുതാന്‍.
ഭരണഘടനാദത്തമായ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട ഒരു പോലീസ് സ്റ്റേഷന് എങ്ങനെയാണ് ഇത്തരമൊരു സമ്മര്‍ദ്ദത്തിന് വേദിയായത്? അങ്ങനെ സമ്മര്‍ദ്ദത്തിലാക്കി മാപ്പു പറയിക്കുന്നതിനും അത് പരസ്യമാക്കുന്നതിനും എന്ത് നിയമ സാധുതയാണുള്ളത്?
‘കുട്ടിക്കാലം തൊട്ട് ഞാന്‍ പാടിവരുന്ന, ഇന്നും ലക്ഷങ്ങള്‍ പാടുന്ന ഏതാനും വരികള്‍ ഞാന്‍ പാടാം:
‘എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ
മനുഷ്യന്, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തില്‍ചേരുന്നു’
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നല്കുന്ന സന്ദേശമിതാണ് ഗീത നല്കുന്ന സന്ദേശം.
‘എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളില്‍ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.’
1893 ല്‍ ചിക്കാഗോയിലെ സര്‍വ്വ മത സമ്മേളനത്തെ അഭിസംബോധന ചെയ്ത് വിവേകാനന്ദന് നടത്തിയ ഉജ്ജ്വല പ്രസംഗത്തിലെ വാചകങ്ങളാണിത്. ഈ വിദ്വേഷ വ്യവസായികള്‍ക്ക് വിവേകാനന്ദന്റെ തന്നെ മറ്റൊരു പ്രസംഗത്തിലെ ഈ വാചകങ്ങള്‍ സമര്‍പ്പിക്കുന്നു. അതേ സമ്മേളനത്തില്‍ സപ്തംബര്‍ 15 ന് ‘കൂപമണ്ഡൂക ന്യായം’ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
‘ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയന്‍ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകള്‍ തകര്‍ക്കാന്‍ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാന്‍ അമേരിക്കക്കാരായ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.’
വിവേകാനന്ദന്റെ പടം വച്ച് സമ്മേളനവും ശക്തിപ്രകടനവും നടത്തുന്നവര്‍ ഇത് മനസ്സിലാക്കുകയില്ല. വിഗ്രഹവല്ക്കരണം വിശകലനശേഷിയെ ഗര്‍ഭത്തില്‍ തന്നെ കൊല്ലുമല്ലോ. സഹവര്‍ത്തിത്വത്തിന്റെയും സമഭാവനയുടെയും ഭാവി ഇനിയെത്ര നാളെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സംസ്കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ഇതുവരെ മനസിലാക്കിയതെല്ലാം ക്ലാസ് മുറികളില്‍ പങ്കുവയ്ക്കാന്‍ പോലും ഭയം തോന്നുന്നുണ്ട്.