രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ തടഞ്ഞെന്ന വാർത്ത വ്യാജം, വിശദീകരണവുമായി സിപിഎം.
ഉദിനൂർ:കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ ശ്രമവുമായി മുസ്ലിം ലീഗും കോൺഗ്രസും. കിനാത്തിൽ മുൻ എംപി പി കരുണാകരന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ രാജ് മോഹൻ ഉണ്ണിത്താനെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തുവെന്നാണ് കള്ള പ്രചാരണം. ഉദ്ഘാടനത്തിനെത്തിയ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചെന്ന് പ്രചരിപ്പിച്ച് തൃക്കരിപ്പൂരിൽ കോൺഗ്രസുകാർ പ്രകടനവും നടത്തി.
കിനാത്തിലിൽ ഉദ്ഘാടനത്തിനെത്തിയ എംപിയെ ആരും തടഞ്ഞിരുന്നില്ല. കരിങ്കൊടിയും കാണിച്ചില്ല. വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയവർക്കെതിരെയുള്ള എംപിയുടെ മോശം പരാമർശം തിരുത്തണമെന്ന ബോർഡ് യോഗസ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്നു. റോഡ് ഉദ്ഘാടനം സുഗമമായി നടക്കുകയും ചെയ്തു. പ്രദേശിക ചാനലുകളിൽ ഉദ്ഘാടന ദൃശ്യവുമുണ്ടായി. എന്നാൽ, സത്യാവസ്ഥ മനസിലാക്കാതെ തൃക്കരിപ്പൂരിൽ കോൺഗ്രസ് നടത്തിയ പ്രകടനം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പം സൃഷ്ടിക്കാനാണെന്ന് സിപിഐ എം ഉദിനൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം സുമേഷ് പറഞ്ഞു.