സമരക്കാരെ നേരിടാന്‍ സർവ്വ സജ്ജമാക്കും, 30 ലക്ഷം മുടക്കി ഒടിയാത്ത ലാത്തി വാങ്ങാന്‍ പോലീസ്
തീരുമാനം.
തിരുവനന്തപുരം: സമരക്കാരെ നേരിടാന്‍ 2000 ഫൈബര്‍ ലാത്തി വാങ്ങാന്‍ കേരള പൊലീസ്. 30 ലക്ഷം രൂപ ചെലവിട്ടാണിത് പുതിയ ലാത്തികള്‍ വാങ്ങുന്നത്. 16 ലക്ഷം രൂപ ചെലവിട്ട് സേനയ്ക്കായി പുതിയ 64 ബാരിക്കേഡുകളും വാങ്ങാനും തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരങ്ങളില്‍ പ്രതിഷേധക്കാരെ നേരിടാന്‍ വേണ്ടിയാണ് സംസ്ഥാന പൊലീസ് പുതിയ സന്നാഹങ്ങള്‍ ഒരുക്കുന്നത്.
സമരക്കാരെ നേരിടുന്ന ലാത്തികള്‍ ഒടിയുന്നെന്ന് ഉദ്യോഗസ്ഥരുടെ ഇടയില്‍ സ്ഥിരം പരാതിയുണ്ടായിരുന്നു. അതിനാല്‍ ഒടിയാത്ത ലാത്തി വേണമെന്നും 3 വര്‍ഷ വാറന്റി നല്‍കണമെന്നും അധികൃതര്‍ ലാത്തി നിര്‍മ്മാതാക്കളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം ഫൈബര്‍ ലാത്തി സേനയ്ക്കു ലഭ്യമാക്കും.
പുതിയ ലാത്തികള്‍ക്കാള്‍ പൊലീസ് ടെന്‍ഡര്‍ ക്ഷണിച്ചു. എആര്‍ ക്യാംപുകളിലും പൊലീസ് സ്റ്റേഷനുകളിലും ലാത്തികള്‍ വീതിച്ചു നല്‍കും. മുള കൊണ്ടുള്ള ലാത്തികളാണു സേനയില്‍ കൂടുതല്‍. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
മൂന്ന് വര്‍ഷം മുന്‍പു വാങ്ങിയ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ഒടിഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. 2017ല്‍ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്നാണ് പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ കേരള പൊലീസ് സേനയിലേക്കു വാങ്ങിയിരുന്നു. എന്നാല്‍ സമരക്കാരെ നേരിടുമ്പോള്‍ ഇവ ഒടിഞ്ഞ് ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. ഇതോടെ ഉപയോഗശൂന്യമായ ഈ ലാത്തികള്‍ പൊലീസ് ക്യാംപുകളിലേക്കു മാറ്റിയിരുന്നു പൊലീസിന്റെ ലക്ഷക്കണക്കിനു രൂപ വെള്ളത്തിലുമായിരുന്നു.