ജൂവലറി നിക്ഷേപതട്ടിപ്പിൽ നാണം കെട്ടു, എംസി ഖമറൂദ്ദീനോട് യു.ഡി.എഫ്. ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശം
കാസര്‍കോട് :ജൂവലറി നിക്ഷേപത്തട്ടിപ്പില്‍ പ്രതിയായ എം.സി. ഖമറുദ്ദീന് എം.എല്‍.എ.യോട് യു.ഡി.എഫ്. ജില്ലാ ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുകയും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മര്‍ദമേറിയത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി. അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യു.ഡി.എഫ്. ചെയര്മാന് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
മുന്‍ എം.എല്‍.എ. പി.ബി. അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് ഖമറുദ്ദീന് മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഖമറുദ്ദീന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി തുടരുകയായിരുന്നു.
എം.സി. ഖമറുദ്ദീന് ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്കിയില്ലെന്നാണ് പരാതി. 800-ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവര്‍ക്കുമെതിരായ ആക്ഷേപം.
അതിനിടെ മഞ്ചേശ്വരം ലീഗിലെ ഒരു വിഭാഗം എം എൽ എ ക്കെതിരെ കരുനീക്കങ്ങൾ ശക്തമാക്കി. പാർട്ടിക്കേറ്റ ഈ അവമതിപ്പ് സംബന്ധിച്ചു പാർട്ടി ഉന്നതങ്ങളിൽ പരാതിയുമായി നീങ്ങാനും ആലോചന തുടങ്ങിയിട്ടുണ്ട്.