മണ്ണിടിച്ചിൽ കൊങ്കണ്‍ പാതയില്‍ ഗതാഗത നിയന്ത്രണം വീണ്ടും നീട്ടി
കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്ന കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതനിയന്ത്രണം മൂന്നാംതവണയും നീട്ടി. നോര്‍ത്ത് ഗോവയ്ക്കു സമീപം പെര്‍ണേമിനടുത്തുള്ള തുരങ്കത്തിന്റെ ചുമരുകള്‍ ഇടിഞ്ഞുവീണതിനെത്തുടര്ന്നാണു പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തേ ഈമാസം 10 വരെയാണു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം-ലോക്മാന്യതിലക് പ്രതിദിന സ്പെഷല്‍ (06346), റിട്ടേണ്‍ സര്‍വീസ് (06345) എന്നിവ ഈ മാസം 15 വരെ റദ്ദാക്കി. ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സൂപ്പര്‍ഫാസ്റ്റ് (02431) 15,17 തീയതികളിലെയും ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനിയുടെ (02432) 13, 15 തീയതികളിലെയും സര്‍വീസുകളും റദ്ദാക്കി.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്(02617, 02618) 15 വരെ മഡ്ഗാവ്, പൂനെ വഴി സര്‍വീസ് നടത്തും. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ (02284) 12നും എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ (02283) 15നും പൂനെ, ഗുണ്ടക്കല്‍, ജോലാര്‍പേട്ട വഴി സര്‍വീസ് നടത്തും.