ആറ്റിങ്ങലില്‍ 20 കോടിയുടെ 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു, പിന്നിൽ മൈസൂർ മലയാളി സംഘം
തിരുവനന്തപുരം : ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ് സംഘം. കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി എക്സൈസിന്റെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു. പിടികൂടിയത് 20 കോടിയോളം രൂപ വരുന്ന കഞ്ചാവവ് ആണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടെയ്നര്‍ ലോറി എത്തിയത് മൈസൂരില്‍ നിന്നുമാണ്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോറിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ച ചിറയന്‍കീഴ് സ്വദേശി ഒളിവിലാണ്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൈസൂരില്‍ റെയ്ഡ് വ്യാപകമായതോടെ കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് കരുതുന്നത്.