രാജ്മോഹൻ ഉണ്ണിത്താൻ എം പി മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തു.. ചോദ്യമുയർത്തി ഡിവൈഎഫ്ഐ
കാഞ്ഞങ്ങാട് : തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അപമാനിച്ച രാജ്മോഹൻ എംപിയുടെ ന്യായീകരണങ്ങൾ പൊതുസമൂഹത്തിൽ വിലപ്പോവില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
രക്തസാക്ഷികളെ അപമാനിച്ചതിലുള്ള യുവജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച്. അതിനെയാണ് ‘എന്നെ കൊല്ലാൻ വരുന്നേ’ എന്നൊക്കെ പറഞ്ഞ് സഹതാപമുണ്ടാക്കാൻ ശ്രമിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർ പങ്കെടുത്ത പരിപാടി കണ്ട് ഭയപ്പെട്ടുപോയെങ്കിൽ, ജില്ലയിൽമാത്രം പതിനായിരക്കണക്കിനു സജീവ പ്രവർത്തകരുള്ള യുവജനപ്രസ്ഥാനമാണിത് എന്ന് ഉണ്ണിത്താൻ മറക്കരുത്. അവർക്കെല്ലാം കടുത്ത പ്രതിഷേധവും അമർഷവും ഉണ്ടാക്കുന്ന തരത്തിലാണ് രക്തസാക്ഷികളെ അപമാനിച്ചത്. ഗ്രൂപ്പുകളിച്ചും മുണ്ടുരിഞ്ഞും നേതാവാകുന്ന ആളുകൾക്ക് ആ വികാരം മനസ്സിലാവില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വവുമെല്ലാം പാടുപെട്ടാണ് യുവജന രോഷം വഴിമാറിപ്പോകാതെ പിടിച്ചുനിർത്തുന്നത് എന്നും തിരിച്ചറിയണം.
എംപിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധം മഹാഅപരാധമാണെന്നുമുള്ള എംപിയുടെ വാദം വിലപ്പോവില്ല.ജനപ്രതിനിധികളുടെ ഓഫീസുകളിലേക്കും വസതിയിലേക്കും പ്രതിഷേധം നടത്തുന്നത് സാധാരണമാണ്.
സ്വന്തം വീട് ആക്രമിക്കാൻ മകനെ ചുമതലപ്പെടുത്തിയിട്ട്, അത് സിപിഐ എമ്മിന്റെ തലയിൽ കെട്ടിവച്ച, കോൺഗ്രസ് കുബുദ്ധി താങ്കൾ ഇവിടെ പ്രയോഗിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. ഒന്നേകാൽ വർഷം എംപി ആയിരുന്നിട്ടും ഫേസ്ബുക്ക് ലൈവും ചാനൽ ചർച്ചയും അശ്ലീല പ്രയോഗങ്ങളുമല്ലാതെ മറ്റെന്താണ് മണ്ഡലത്തിന് വേണ്ടി നടത്തിയതെന്ന് എംപി വ്യക്തമാക്കണം. ജില്ല സെക്രട്ടറി സി ജെ സജിത്ത് പ്രസ്താവനയിൽ പറഞ്ഞു.