എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി
കാസർകോട്:മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79)സമാധിയായി. ശ്വാസതടസ്സംമൂലം ഏതാനുംദിവസമായിചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14-ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. ‘ദി കേശവാനന്ദ കേസ’ എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്.
ഭൂപരിഷ്കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരേ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിക്കാരനായി മാറി കേശവാനന്ദ സ്വാമി. രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾ കൊണ്ട് കേസിന്റെ തുടക്കത്തിൽത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മർദം ഉയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാനപത്രങ്ങളിൽ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു.
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. അത് സ്ഥാപിച്ചെടുക്കാൻ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരിൽ കോടതിൽ വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപൻമാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്.