പോരാട്ടം കനക്കും, ചവറയിൽ ഷിബു ബേബി ജോൺ യു ഡി എഫ് സ്ഥാനാർത്ഥി; ഇടതുമുന്നണിക്ക് പുതുമുഖം
തിരുവനന്തപുരം: ചവറ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ പാർട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റി യോഗം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധമായ കത്ത് യു.ഡി.എഫ് ചെയർമാനും കൺവീനർക്കും നൽകിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.ഒമ്പതാം തീയതിക്ക് മുമ്പേ യു.ഡി.എഫ് യോഗം ചേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവർത്തനങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യു.ഡി.എഫ് പ്രതീക്ഷ. സി.എം.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പിന്നിട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എൻ.വിജയൻ പിള്ളയുടെ മരണത്തെ തുടർന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.1977ൽ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലതു പക്ഷങ്ങളെ മാറി മാറി പിന്തുണച്ച സ്വഭാവമാണ് ചവറയിലെ വോട്ടർമാർക്കുള്ളത് കഴിഞ്ഞ തവണ 6189 വോട്ടുകൾക്കാണ് വിജയൻ പിള്ള മുൻ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്. വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ ചവറ ഏരിയ സെക്രട്ടറി മനോഹരൻ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. എന്നാൽ ഇവർക്ക് വിജയ സാദ്ധ്യതയില്ലെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നിമിഷം ഒരു സംസ്ഥാന നേതാവിനെ തന്നെ സി.പി.എം ചവറയിൽ പരീക്ഷിച്ചേക്കും.എൻ.ഡി.എ യോഗവും ഉടൻ ചേരുമെന്നാണ് നേതാക്കൾ പറയുന്നത്. ബി.ജെ.പിയുടെ സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വളരെ നേരത്തെ തന്നെ വാർഡ് തല പ്രവർത്തനം തുടങ്ങിയെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേരുന്ന ചവറ മണ്ഡലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇടതുമുന്നണിക്കാണ് മേൽകൈ.