വിദേശികളുമായി പണമിടപാട് നടത്താൻ ബംഗളൂരുവിൽ ബിനീഷ് കോടിയേരിക്ക് മണി എക്സ്ചേഞ്ചിംഗ് കമ്പനി;പുതിയ ആരോപണങ്ങളുമായി പി.കെ ഫിറോസ്
കോഴിക്കോട്: മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. 2015ൽ ബിനീഷ് ഒരു മണി എക്സ്ചേഞ്ച് കമ്പനി ബംഗളൂരിൽ ആരംഭിച്ചിരുന്നു. ഗോവയിൽ വിദേശികളുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കച്ചവടം നടന്നത്. വിദേശികൾ നൽകുന്ന കറൻസി മാറ്റിയെടുക്കുന്നതിന് വേണ്ടിയാണോ മണി എക്സചേഞ്ചിംഗ് കമ്പനി ആരംഭിച്ചതെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കണം. 2015ൽ ബി.ജെ.പിയുടെ ഭരണകാലത്താണ് ബിനീഷിന് ലൈസൻസ് ലഭിച്ചത്. ഏതൊക്കെ വിദേശ കറൻസികളാണ് ബിനീഷിന്റെ കമ്പനിയിൽ ഇടപാട് നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കണം. ഇ.ഡി അന്വേഷണം നടത്തിയാൽ എല്ലാ തെളിവുകളും കൈമാറാൻ യൂത്ത് ലീഗ് തയ്യാറാണെന്നും പി.കെ ഫിറോസ് പറഞ്ഞു.രണ്ടായിരത്തി പതിനെട്ട് ഏപ്രിൽ മാസം പതിനേഴാം തീയതി യു.എ.എഫ്.എക്സ് എന്ന പേരിൽ ഒരു സൊല്യൂഷൻ ആരംഭിക്കുകയുണ്ടായി. അതിൽ ഒരു ഉടമസ്ഥനായ അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. യു.എ.എഫ്.എക്സ് സൊല്യൂഷൻസാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മിഷൻ നൽകിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതാണ്. ഈ ഇടപാടിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളിൽ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു.മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സർക്കാർ ഉപയോഗിക്കണം. യു.എ.എഫ്.എക്സ് സൊല്യൂഷൻസ് ഒറ്റത്തവണയും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സി.പി.എമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സി.പി.എം സംരക്ഷിക്കുന്നു. മക്കൾ ചെയ്യുന്ന തെറ്റ് മറയ്ക്കാൻ സി.പി.എം കേരളത്തെ വിൽപ്പനയ്ക്ക് വയ്ക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.മയക്കുമരുന്ന് കേസിൽ പിടിയിലായ കോക്കാച്ചി മിഥുൻ എന്ന സിനിമ നടന്റെ കോൾ ലിസ്റ്റിൽ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യു.എ.എഫ്.എക്സ് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്ക് വരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബി.ജെ.പി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റെസ്റ്റോറന്റ് ആരംഭിച്ചതെന്ന് അനൂബിന്റെ മൊഴിയിൽ വ്യക്തമാണ്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വന്നുവെന്നും ഫിറോസ് ആരോപിച്ചു.വല്ലപ്പോഴും മാത്രമേ അനൂപിനെ വിളിക്കാറുള്ളൂ എന്നാണ് ബിനീഷിന്റെ വാദം. എന്നാൽ നിരവധി തവണ ദീർഘനേരം അനൂപുമായി സംസാരിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. വാട്സാപ്പ് കോൾ പരിശോധിച്ചാൽ ജൂലായ് 10ന് അനൂബും ബിനീഷും സംസാരിച്ചുവെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്നത് ഫോൺ കത്തിച്ചുകളഞ്ഞുവെന്നാണ്. വിശദമായി അന്വേഷണം നടത്തിയാൽ സ്വർണക്കടത്തിലടക്കം കൂടുതൽ വിവരം ലഭിക്കും. ബി ക്യാപിറ്റൽ കമ്പനി ബിനീഷിന്റേതാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. അത് ബിനീഷ് നിഷേധിച്ചു. എന്നാൽ അതും ഇപ്പോൾ വ്യക്തമായിയെന്ന് ഫിറോസ് ആരോപിച്ചു.