മയക്കുമരുന്ന് കേസ്; ബെംഗളൂരുവില്‍ ആഫ്രിക്കന്‍ സ്വദേശി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍. അറസ്റ്റിലായ രവിശങ്കറിനും സിനിമാ മേഖലയിലുള്ളവർക്കും മയക്കുമരുന്ന് എത്തിച്ച് നൽകിയ ലോം പെപ്പെർ സാംബാ എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ സെൻട്രൽ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ അറസ്റ്റ് അഞ്ചായി.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
കന്നഡ സിനിമാതാരം സഞ്ജന ഗിൽറാണിയെ ഇപ്പോൾ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറെ പ്രശസ്തയായ നടി നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗിൽറാണി.