സുരക്ഷാ പരിശോധന പൂർത്തിയാക്കി റഷ്യയുടെ സ്പുട്നിക് വാക്സിൻ; ഇന്ത്യയിൽ നിർമ്മിച്ച് വിതരണം തുടങ്ങാൻ ആലോചന
ന്യൂഡൽഹി: കൊവിഡിനെതിരായുളള റഷ്യയുടെ വാക്സിനായ സ്പുട്നിക് 5 നെതിരായ വാദങ്ങൾ തളളി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ്. സ്പുട്നിക് വാക്സിനെ താറടിച്ച് കാട്ടാൻ മാത്രമാണ് അസൂയാലുക്കളുടെ ശ്രമം.പടിഞ്ഞാറൻ രാജ്യങ്ങളിലെ വിദഗ്ധർ സ്പുട്നിക് വാക്സിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ചോദയം ഉന്നയിച്ചിരുന്നു.അന്താരാഷ്ട്ര തലത്തിൽ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും വാക്സിൻ നിർമ്മാണത്തിൽ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ വാക്സിൻ വികസനത്തെ കുറിച്ച് ഇനി റഷ്യയ്ക്ക് ചോദ്യം ഉന്നയിക്കാമെന്ന് ദിമിത്രിയേവ് അഭിപ്രായപ്പെട്ടു.റഷ്യ കണ്ടെത്തിയ വാക്സിൻ കൊവിഡ് രോഗത്തോട് നന്നായി പ്രതിരോധിക്കുന്നുണ്ടെന്നും ഇന്ത്യ ഈ വാക്സിൻ നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ദിമിത്രിയേവ് പറഞ്ഞു.ലോകത്ത് 60 ശതമാനം വാക്സിനുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയും റഷ്യയും ചരിത്രപരമായി തന്നെ ചങ്ങാതിമാരാണ്. സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായി ചർച്ചയിലാണെന്നും ദിമിത്രിയേവ് പറഞ്ഞു.സ്പുട്നിക് 5ന്റെ ക്ളിനിക്കൽ പരീക്ഷണ ഫലം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പരീക്ഷണത്തിൽ പങ്കെടുത്ത 76പേരിലും രോഗത്തിനെതിരെ ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെട്ടു. ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് കൊവിഡ് വാക്സിൻ പരീക്ഷണ ഫലങ്ങൾ റഷ്യ പ്രസിദ്ധീകരിച്ചത്.പരീക്ഷണത്തിന് തയ്യാറായവരെ 42 ദിവസം നിരീക്ഷിച്ചു, 18 നും 36നുമിടയിൽ പ്രായമുളള ആരോഗ്യമുളളവരെ ജൂൺ 18നും ഓഗസ്റ്റ് 3നുമിടയിൽ പരീക്ഷണവിധേയമാക്കി. മോസ്കോയിലെ ഗമാലെയ സാംക്രമികരോഗ- മൈക്രോബയോളജി ദേശീയ ഗവേഷണ കേന്ദ്രത്തിലെ ഡോ.ഡെന്നിസ് ലൊഗുനോവ് ആണ് പരീക്ഷണങ്ങൾ പഠനവിധേയമാക്കിയത്. നേരിയ ചില പ്രശ്നങ്ങളല്ലാതെ ഗൗരവമേറിയ പ്രശ്നങ്ങളൊന്നും പരീക്ഷണം നടത്തിയവർക്കില്ലെന്ന് ഡോ.ഡെന്നീസും സംഘവും കണ്ടെത്തി.ഇഞ്ചക്ഷൻ ചെയ്ത ഭാഗങ്ങളിലെ വേദന, ഹൈപ്പർ തെർമിയ,പേശീ വേദന,തലവേദന എന്നിങ്ങവ നേരിയ അളവിലാണ് വാക്സിൻ പരീക്ഷിച്ചവരിൽ ഉണ്ടായിരുന്നത്. കൊവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ ഒന്ന്,രണ്ട് ഘട്ടങ്ങളിൽ യാതൊരുവിധ ഗുരുതര പ്രശ്നങ്ങളും ഉണ്ടായില്ല.വാക്സിന് അംഗീകാരം നൽകിയത് വളരെ വേഗമായിപ്പോയി എന്നാണ് വിമർശകരുടെ പ്രധാന വാദം. വലിയ അളവിൽ പരീക്ഷണം നടത്തിയാലേ ശരിയായ ഫലം ലഭിക്കൂ എന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ വിദഗ്ധരും റഷ്യൻ വാക്സിനെ കുറിച്ച് അഭിപ്രായപ്പെട്ടു.