കതിരൂർ ബോംബ് സ്ഫോടനം; ബോംബു നിർമ്മിച്ചത് അഞ്ച് സി.പി.എം പ്രവർത്തകർ; സ്ഥലത്തുണ്ടായിരുന്നവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തൽ
കണ്ണൂർ: കതിരൂരിൽ സ്ഫോടനത്തെ തുടർന്ന് രണ്ട്പേർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. അഞ്ച് സിപിഎം പ്രവർത്തകരാണ് സ്റ്റീൽബോംബ് നിർമ്മാണത്തിലേർപ്പെട്ടത്. ഇതിനിടെ പൊട്ടിത്തെറിയുണ്ടായാണ് രണ്ട് പേർക്ക് കൈക്കും തലയിലും പരുക്കേറ്റത്. ഇവർ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടി. സ്ഫോടനം നടന്നയിടത്തെ തെളിവുകൾ സ്ഥലത്തുണ്ടായിരുന്നവർ നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. സംഭവം തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.അതേ സമയം കതിരൂർ സ്ഫോടനത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപിയും രംഗത്തെത്തി. പരിക്കേറ്റവരിൽ ഒരാൾ കളളപ്പേരിലാണ് ചികിത്സ തേടിയെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. അടുത്തിടെ ഇവിടെ മരിച്ച ഒരാളുടെ മൃതദേഹം വളരെ പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആരോപിച്ചു.