കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: തോമസ് കെ തോമസ് എൻസിപി സ്ഥാനാര്‍ത്ഥി, എൽ ഡി എഫ് പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസാണ് എൻസിപി സ്ഥാനാർഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്നും നേതാക്കളായ എ കെ ശശീന്ദ്രനും മാണി സി കാപ്പനും അറിയിച്ചു.എൽഡിഎഫിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. അതാണ് ഇടത്മുന്നണിയിലെ കീഴ്വഴക്കമെന്നും ശശീന്ദ്രൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥി ആകണമെന്ന പൊതു ധാരണ എൻസിപിയിലുണ്ടെന്നും എ കെ ശശീന്ദ്രൻ വിശദീകരിച്ചു.
തോമസ് കെ.തോമസിന്റെ പേരിന് എൻസിപി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. കുട്ടനാട്ടിൽ ജയസാധ്യത തോമസ് കെ തോമസിനാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആയിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.