അഞ്ച് വര്‍ഷവും വനിതകള്‍ക്കൊപ്പം നിന്ന് പുല്ലൂര്‍ പെരിയ
കാസർകോട് : സംസ്ഥാനത്ത് സ്ത്രീകളുടെ ഉന്നമനത്തിനായി പൊതു ഇടം എന്റേത്, സധൈര്യം മുന്നോട്ട് ക്യാമ്പയിന് ഏറ്റെടുത്ത് വിജയിപ്പിച്ച അഞ്ച് പഞ്ചായത്തുകളില്‍ ഒന്നാണ് പുല്ലൂര്‍ പെരിയ പഞ്ചായത്ത്. ഈ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2018 ല്‍ പുല്ലൂര്‍ പെരിയയെ സ്ത്രീ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ അഞ്ച് പഞ്ചായത്തുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനായി വിവിധ പഠനങ്ങള്‍ നടത്തുകയും ഇതിന്റെ വെളിച്ചത്തില്‍ വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി 12 ലക്ഷം രൂപ മുതല്‍ മുടക്കി പ്രത്യേക റിസോഴ്സ് സെന്റര്‍ ആരംഭിച്ചു. പരിഷത്ത് നടത്തി സ്ത്രീ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു.
സ്ത്രീ സുരക്ഷയ്ക്കായി സ്വയം രക്ഷാ പഠനം
കുടുംബശ്രീയും തൊഴിലുറപ്പും സമൂഹത്തില്‍ സ്ത്രീകളുടെ സമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയപ്പോഴും സ്ത്രീ സുരക്ഷയ്ക്കായി സ്വയം രക്ഷാ പഠനവും പഞ്ചായത്ത് നടപ്പിലാക്കി. ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലെ വനിതാ പൊലീസ് ഓഫീസര്‍മാര്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് ക്ലാസുകള്‍ നല്കി. 18 വയസുമുതല്‍ 38 വരെയുള്ള സ്ത്രീകള്‍ക്കായിരുന്നു, ഇത്തരം ക്ലാസുകള്‍ ലഭ്യമാക്കിയത്. കുടുംബിനികളായ സ്ത്രീകള്‍ക്കായി ഇംഗ്ലീഷ് ഭാഷാ പഠന സൗകര്യം പഞ്ചായത്ത് സി.ഡി.എസ് ഹാളില്‍ നടത്തി. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വരെയും ഈ പദ്ധതി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കിടയിലെ സര്‍വ്വേയിലൂടെ തിരിച്ചറിഞ്ഞ പ്രധാന പ്രശ്നം സ്കൂള്‍ ബാത്ത് റൂമുകളില്‍ നാപ്കിന് വെന്‍ഡിങ് മെഷീന് വേണം എന്നുള്ളതായിരുന്നുന്നു. പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലായി മികച്ച ടോയ്ലറ്റ് സൗകര്യവും ഇന്‍സിനേറ്ററും സ്ഥാപിക്കാന്‍ ഭരണ സമിതിക്ക് ആയി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ സ്ഥാപനം
പഞ്ചായത്തിന്റെ അഭിമാന സ്ഥാപനമായ ബഡ്സ് സ്കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം എത്തുന്ന അമ്മമാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനായി സ്കൂളിനോട് ചേര്‍ന്ന് 12 ലക്ഷം രൂപ ചിലവില്‍ പ്രത്യേക സ്ഥാപനം ആരംഭിച്ചു. ചെമ്മനാട്, പള്ളിക്കര, അജാനൂര്‍, ബേഡകം, എന്നീ പഞ്ചായത്തിലെ കുട്ടികള്‍ കൂടി ഉപയോഗപ്പെടുത്തുന്ന ഈ സ്ഥാപനത്തില്‍ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്കി വരുന്നു. ചെറിയ കൈത്തൊഴിലുകള്‍ ചെയ്ത് അവര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം സ്കൂളില്‍ സമയം ചിലവഴിക്കുന്നു. ലോക്ഡൗണിന് മുന്‍പുവരേയും പദ്ധതി വളരെ സജീവമായിരുന്നു. അമ്മമാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് മികച്ച മാര്‍ക്കറ്റുണ്ട്.
17 വാര്‍ഡുകള്‍, 368 അയല്‍ക്കൂട്ടങ്ങള്‍
പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 368 അയല്‍ക്കൂട്ടങ്ങളില്‍ 6624 സ്ത്രീകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം 19 വയോജന അയല്‍ക്കൂട്ടങ്ങളും പുല്ലൂര്‍ പെരിയയില്‍ ഉണ്ട്. സ്വയം തൊഴില്‍ സംരംഭങ്ങളായി 28 ഗ്രൂപ്പുകളും 20 വ്യക്തികളും ചേര്‍ന്ന് 48 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 140 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ 158 ഏക്കര്‍ സ്ഥലത്ത് സംഘകൃഷിയിലൂടെ നെല്ലും മറ്റ് വിളകളും നട്ട് പരിപാലിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയില്‍ 338 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 3,72,00,000 രൂപ അനുവദിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, പോളിടെക്നിക്ക്, പഞ്ചായത്ത് കെട്ടിടം എന്നിവിടങ്ങളിലായി മൂന്ന് ക്യാന്റീനുകള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ക്ലാസുകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ക്യാന്റീനുകള്‍ സജീവമാകും.
31 ശിശു സൗഹൃദ അങ്കണവാടികള്‍
പഞ്ചായത്ത് പരിധിയില്‍ 31 അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവയ്ക്കെല്ലാം തന്നെ സ്വന്തമായി കെട്ടിടവും സ്ഥലവും ശിശു സൗഹൃദ പഠന സൗകര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി പോഷകാഹാര വിതരണ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയ ബാലസൗഹൃദ പഞ്ചായത്ത് കൂടിയാണ് പുല്ലൂര്‍ പെരിയ.