കണ്ണൂരിൽ ആദിവാസി യുവതിയെ കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ആദിവാസി യുവതി ശോഭയെ (37) കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് പിടിയിലായത്. ശോഭയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.ശോഭയുടെ ഭർത്താവ് പത്തുവർഷങ്ങൾക്ക് മുമ്പ് മരിച്ചു. പിന്നീടാണ് ശോഭയും വിപിനും തമ്മിൽ പരിചയത്തിലാകുന്നത്. പ്രതിയായ വിപിൻ മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പത്തെ ചൊല്ലി ശോഭ നിരന്തരം വഴക്കിട്ടിരുന്നു. ഇക്കാര്യം സംസാരിക്കാനാണ് പ്രതി ശോഭയെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചുവരുത്തിയത്. ഇവിടെ വച്ച് നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്.