അതിര്‍ത്തിയില്‍ ഇന്ത്യ സ്വീകരിച്ചത് മുന്‍കരുതല്‍ നടപടി; ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കരസേന മേധാവി
ന്യൂഡൽഹി : ചൈനയ്ക്കെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടി എന്ന് കരസേന മേധാവി എം എം നരവനെ. ലോകത്തെ മികച്ച സൈന്യമാണ് ഇന്ത്യയുടെതെന്നും ഏതു സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ കര, വ്യോമസേന മേധാവിമാര്‍ ചൈനീസ് അതിര്‍ത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തിയിരുന്നു. ദക്ഷിണ പാംഗോങ് പ്രദേശത്ത് ചൈന നിയന്ത്രണരേഖ ലംഘിച്ച് നിര്‍മ്മാണങ്ങള്‍ക്കു ശ്രമിച്ചെന്നും ഇത് ഇന്ത്യന്‍ സൈന്യം തുരത്തിയെന്നും കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ചൈനീസ് പ്രതിരോധമന്ത്രിയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചെന്നാണ് സൂചന. ഇന്ത്യ ചൈന ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച ചുശൂലില്‍ പുരോഗമിക്കുകയാണ്. അതിര്‍ത്തി തര്‍ക്കം നയതന്ത്ര മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് പറഞ്ഞു.
യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം.
ജൂണ്‍ മാസം ഇന്ത്യ – ചൈന സൈനികര്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്വരയില് മുഷ്ടിയുദ്ധത്തില് ഏര്‍പ്പെട്ടിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചത്.