അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല; വിവാദത്തിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് അമിത് ഷാ
ന്യൂദല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യസമയത്തിനുള്ളില്‍ നടപടിയെടുക്കാത്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം ചോദിച്ചതായി റിപ്പോര്‍ട്ട്.
തന്റെ വകുപ്പുകള്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാലാണ് അമിത് ഷാ നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ വൈകുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അമിത് ഷായുടെ ഇടപെടല്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ഡിവിഷനുകളിലേക്കും ഡിപ്പാര്‍ട്മെന്റുകളിലേക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം അയച്ചിട്ടുണ്ട്. വിവിധ അഴിമതി കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അനുശാസിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ വകുപ്പുതല അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തിട്ടില്ലെന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നുമാണ് വകുപ്പുകള്‍ക്കയച്ച നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
വകുപ്പുതല അന്വേഷണത്തിന്റെ സമയപരിധിയുമായി ബന്ധപ്പെട്ട് 2000 മെയ് മാസത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് (സി.വി.സി) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചുകഴിഞ്ഞാല്‍, അതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. വകുപ്പുതല അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
എല്ലാ ആഭ്യന്തര മന്ത്രാലയ ഡിവിഷനുകള്‍ക്കും എല്ലാ വകുപ്പുകളിലെയും ചീഫ് വിജിലന്‍സ് ഓഫീസര്‍മാര്‍ക്കും അയച്ച കത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.എഫ്), കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സി.ഐ.എസ്. എഫ്), ഇന്തോ-ടിബറ്റ് ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) തുടങ്ങി എല്ലാ കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.
എസ്.എസ്.ബി, അസം റൈഫിള്‍സ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി), ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി), നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്), നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി), ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് (ബി.പി.ആര്‍ഡി) ), നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍.സി.ആര്.ബി), നാഷണല്‍ സിവില്‍ ഡിഫന്‍സ് കോളേജ് (എന്‍.സി.ഡി.സി) തുടങ്ങിയ വകുപ്പുകളിലേക്ക് നിര്‍ദേശം അയച്ചത്.
പല വകുപ്പുകളിലേയും പല ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണങ്ങള്‍ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്കിയ നിര്‍ദേശത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.