ഓണാവധിയും കൊവിഡ് വ്യാപനവും; സെക്രട്ടറിയേറ്റ് തീപിടിത്തത്തിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ഇനിയും വൈകും
തിരുവനന്തപുരം: വിവാദമായ സെക്രട്ടറിയേറ്റ് തീപിടുത്തത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുന്നു. സംഭവം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം റിപ്പോര്‍ട്ട് ഈ സമയത്തിനുള്ളില്‍ സമര്‍പ്പിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേണസംഘം അറിയിച്ചിരിക്കുന്നത്.
ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും മൂന്ന് ദിവസം കൂടി കഴിയുമെന്നാണ് കരുതുന്നതെന്നും അതിനാലാണ് അന്തിമ റിപ്പോര്‍ട്ട് വൈകുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.
ഓണാവധിയും റിപ്പോര്‍ട്ട് വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീപിടുത്തമുണ്ടായ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാകാത്തതും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കല്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്. എത്രയും വേഗം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഈയാഴ്ചക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 25നായിരുന്നു സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലായി തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറുകളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അടച്ചിട്ട മുറിയിലെ ഫാന്‍ ഉരുകി വീണതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
പ്രോട്ടോക്കോള്‍ വിഭാഗത്തിലെ പൊളിറ്റിക്കല്‍ 2എ, 2ബി, 5 എന്നീ മൂന്ന് സെക്ഷനുകളിലായാണ് തീപിടിത്തമുണ്ടായത്. വി.ഐ.പി സന്ദര്‍ശനങ്ങള്‍, മന്ത്രിമാരുടെ വിദേശയാത്രകള്‍, വി.ഐ.പി അല്ലാത്ത മറ്റു പ്രധാനപ്പെട്ട ആളുകളുടെ സന്ദര്‍ശനങ്ങള്‍, ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടികള്‍, രാജ്ഭവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള ഫയലുകളാണ് ഈ സെക്ഷനുകളിലുണ്ടായിരുന്നത്.
Advertisement
സമീപകാലത്ത് കേരളം കണ്ട വന്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും കൊവിഡ് പ്രോട്ടോക്കോളടക്കം ലംഘിച്ചുക്കൊണ്ടുള്ള സമരപരിപാടികള്ക്കുമാണ് ഈ തീപിടിത്തം വഴിയൊരുക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരുന്നിടത്ത് തന്നെ തീപിടിത്തമുണ്ടായത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്‍.ഐ.ഐ അന്വേഷണം നടക്കാനിരുന്നിടത്ത് തന്നെ അപകടമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നും ഈ സെക്ഷനുകളില്‍ ഇ-ഫയിലിംഗ് പൂര്‍ണ്ണമായിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചുക്കൊണ്ട് സര്‍ക്കാരും രംഗത്തെത്തി. എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകളെല്ലാം മുന്‍പേ തന്നെ നല്‍കിയിട്ടുള്ളതാണെന്നും ആവശ്യപ്പെടുന്ന ഏത് ഫയലുകളും നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു
തീപിടിത്തതില്‍ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിനശിച്ചു എന്നും ഇതില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകളുമുണ്ടായിരുന്നു എന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന വാദം സെക്രട്ടറിയേറ്റില്‍ ഏകദേശം പൂര്‍ണമായും ഇ-ഫയലിംഗ് സംവിധാനം നടത്തിയിട്ടുണ്ട് എന്നതായിരുന്നു.
അതിനാല്‍ പേപ്പര്‍ ഫയലുകള്‍ കത്തി നശിച്ചാല്‍ പോലും രേഖകള്‍ നഷ്ടപ്പെടുന്നതിനുള്ള യാതൊരു സാധ്യതയില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ വിശദീകരിച്ചിരുന്നു. പക്ഷെ സര്‍ക്കാര്‍ വസ്തുതാവിരുദ്ധമായാണ് സംസാരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ പൂര്‍ണ്ണമായും ഇ-ഫയലിംഗ് നടത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
തീപിടുത്തത്തിന് പിന്നില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഫയര്‍ ഫോഴ്സും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രത്യേക അേന്വഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി വരുന്നതോടെ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.