രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരം കടന്ന് കൊവിഡ് ബാധിതർ; ആകെ രോഗികൾ 39 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83, 341 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. ഇതുവരെ 39,36,747 പേർക്കാണ് ഇന്ത്യയിൽ രോഗം ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി.അതേസമയം രോഗ മുക്തി നിരക്ക് 77.15 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവിൽ 30,37,151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവിൽ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ ഇന്ത്യയിലാണ്. കൊവിഡ് രോഗികളിലും മരണത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാമതാണ്.