കൊച്ചി: വീട്ടുവാടക നല്‍കാത്തതിനാലുള്ള ഉടമയുടെ ഭീഷണിയില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി. എറണാകുളം തോപ്പുംപടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷ് (36)ആണ് മരിച്ചത്. മൂന്ന് മാസത്തെ വാടക കുടിശിക നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഇക്കാരണം പറഞ്ഞ് വീട്ടുടമ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സൗമ്യ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അനീഷ് ജീവനൊടുക്കിയത്. ഈ വര്‍ഷം ജനുവരി 16-നാണ് ഓട്ടോ ഡ്രൈവറായ അനീഷും ഭാര്യയും രണ്ട് മക്കളുമായി തോപ്പുംപടിയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. 25,000 രൂപ അഡ്വാന്‍സും 9,000 രൂപ വാടകയ്ക്കുമാണ് കുടുംബം താമസിച്ചത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രദേശം കണ്ടെയ്ന്മെന്റ്സോണ് ആയതിനാല്‍ ഓട്ടോ ഓടിക്കാന്‍ കഴിയാതെയാവുകയും വാടക മുടങ്ങുകയായിരുന്നു.
മൂന്ന് മാസം കുടിശികയായതിന് പിന്നാലെ വീട്ടുടമ ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.അനീഷും കുടുംബവും താമസിക്കുമ്ബോള്‍ തന്നെ വേറെ ആള്‍ക്കാരെ കൊണ്ട് വന്ന് വീട് കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഡ്വാന്‍സ് നല്കിയ തുക വാടകയിനത്തില്‍ കരുതുകയും ബാക്കിയുള്ള രണ്ടായിരം രൂപ കൂടി നല്കി വീട് ഒഴിഞ്ഞോളാമെന്ന് പറഞ്ഞിട്ടും ഇയാള്‍ ഭീഷണി തുടരുകയായിരുന്നുവെന്നാണ് ഭാര്യയുടെ ആരോപണം.
കോട്ടയത്ത് താമസമാക്കിയ ഭാര്യയുടെ ചേച്ചിയുടെ വീട്ടിലേക്ക് താത്കാലികമായി ഭാര്യയേയും മക്കളേയും മാറ്റിയതിന് ശേഷം വീട്ടു സാധനങ്ങള്‍ മാറ്റാനായിരുന്നു അനീഷ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അനീഷിനെ പിന്നെയും വീട്ടുടമ ഫോണില്‍ വിളിക്കുകയായിരുന്നു. ആറ് മിനിറ്റ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നതായും പുറത്ത് പോയി വീട്ടിലെത്തിയ അനീഷ് ജീവനൊടുക്കുകയുമായിരുന്നു.
അതേസമയം, അനീഷിനോട് വാടക ചോദിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഉടമ ശങ്കരന്‍കുട്ടി പറഞ്ഞു. വാടകയിനത്തില്‍ തരാനുള്ള ബാക്കി തുക തന്നതിന് ശേഷം ബുധനാഴ്ച താമസം മാറാമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും വീട്ടുടമ പറഞ്ഞു.