അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി പാര്‍ട്ണര്‍; സ്വപ്ന എങ്ങനെ ബംഗളുരുവില്‍ എത്തിയെന്ന് പരിശോധിക്കണമെന്നും കെ.സുരേന്ദ്രന്
കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മതതീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന് കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള സ്വര്‍ണ്ണക്കടത്ത് കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ബംഗളുരുവില്‍ പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ബിനാമി പാര്‍ട്ണറാണ്. കര്‍ണ്ണാടകത്തിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നാര്‍ക്കോട്ടിക്ക് സെല്ലിന് മനസിലായിരിക്കുന്നത്. 2012 മുതല്‍ അനൂപ് മുഹമ്മദും സംഘവും മയക്കുമരുന്ന കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോള്‍ മുതല്‍ ബന്ധമുണ്ടെന്ന് ബിനീഷ് കൊടിയേരി സമ്മതിക്കുകയും ചെയ്തതാണ്.
പാലക്കാട് പ്ലീനത്തില്‍ നേതാക്കളുടെ കുടുംബജീവിതത്തിലും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലര്‍ത്തേണ്ട ഉത്തരവാദിത്വങ്ങളെ പറ്റി പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. ഇത് ബീഹാര്‍ കേസ് പോലെ അല്ല, ഗുരുതരമായ മയക്കുമരുന്ന് കേസാണ്. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള കൊടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണവിധേയന്. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ നടത്തിയ നിശാപാര്‍ട്ടിയെ പറ്റിയും അതില്‍ ആരെല്ലാം പങ്കെടുത്തുമെന്നെല്ലാം കേരള പൊലീസ് അന്വേഷിക്കണം. മയക്കുമരുന്ന് സംഘത്തോടൊപ്പം ചില സിനിമാതാരങ്ങളും പാര്‍ട്ടി സെക്രട്ടറിയുടെ മകനും പങ്കെടുത്തെന്നാണ് വിവരം. ഇത് പൊലീസ് അന്വേഷിക്കണം. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നു. അനൂപിന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ എങ്ങനെയാണ് ബാംഗ്ലൂരിലേക്ക് മുങ്ങിയതെന്നും ആരാണ് അവരെ സഹായിച്ചതെന്നും അറിയേണ്ടതായുണ്ട്. റമീസുമായും അനൂപ് മുഹമ്മദുമായും ബന്ധമുള്ള ബിനീഷ്, സ്വപ്നയെ സഹായിച്ചോയെന്ന് പരിശോധിക്കേണ്ടതല്ലേ? സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഈ കാര്യത്തില്‍ മറുപടി പറയണമെന്ന് സുരേന്ദ്രന് പറഞ്ഞു.നാണംകെട്ട് അപഹാസ്യനാവാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപവാസ സമരത്തില്‍ ബിജെപി മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ് ബാബു, എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹറൂഫ്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്, ടി.ബാലസോമന്‍, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയില്‍ എന്നിവര്‍ പങ്കെടുത്തു.