തിരിച്ചടവ് മുടങ്ങിയ വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കഴിഞ്ഞ മാസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ മൊറൊട്ടേറിയം കേസിൽ അന്തിമവിധിവരുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈമാസം പത്തിന് രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും വാദം കേൾക്കും.മൊറട്ടോറിയവും പിഴപലിശയും സംബന്ധിച്ച് റിസർവ് ബാങ്ക് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതൽ പ്രതിസന്ധിയായവർക്ക് എന്ത് ആശ്വാസമാണ് നൽകാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രതിനിധികൾ കൂടി ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആർ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.