‘തെറ്റ്’ തിരുത്താൻ ഇന്ത്യ തയ്യാറാകണം, പബ്ജിയടക്കമുളള 118 ആപ്പുകൾ നിരോധിച്ച നടപടിയിൽ പ്രതിഷേധമറിയിച്ച് ചൈന
ബീജിംഗ്: പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഇന്ത്യയുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചൈനീസ് നിക്ഷേപകരുടെ താൽപര്യത്തെ ഇത് ലംഘിച്ചുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. പബ്ജിയ്ക്ക് പുറമേ ബൈഡു,ഷവോമി ഷെയർസേവ് പോലുളള ആപ്പുകളും ഇതിനൊപ്പം നിരോധിച്ചിരുന്നു. ഈ തീരുമാനം ഇന്ത്യ പിൻവലിക്കണമെന്ന് ചൈന അറിയിച്ചു. ചൊവ്വാഴ്ച ഹിമാലയൻ അതിർത്തിയിൽ ചൈന കടന്നുകയറ്റ ശ്രമം നടത്തിയതിനു പിറകെ ഇന്ത്യ ഇവിടെ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിനു പിറകെയാണ് ചൈനയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന ആപ്പ് നിരോധനം ഇന്ത്യ നടത്തിയത്.ഗൂഢമായ ഉദ്ദേശത്തോടെ ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തുകയും അവ മറ്റ് ഇടങ്ങളിലേക്ക് പങ്ക് വയ്ക്കുകയും ചെയ്യുന്നവയാണ് ചൈനീസ് ആപ്പുകളെന്നും ഇത് രാജ്യത്തിന് ഭീഷണിയാണെന്നും ഇന്ത്യ മുൻപ് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ നീക്കം ഡിജിറ്റൽ സ്ട്രൈക്ക് ആണെന്നാണ് കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അഭിപ്രായപ്പെട്ടത്. പബ്ജി മൊബൈൽ വേർഷൻ വികസിപ്പിച്ച ടെൻസെന്റ് കമ്പനിക്കാണ് ഇതുമൂലം കനത്ത ആഘാതമേറ്റത്. ലോകത്ത് ഏറ്റവുമധികം പബ്ജി ഡൗൺലോഡ് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 17.5 കോടിയാണ് ഇന്ത്യയിൽ പബ്ജി ഇൻസ്റ്റാൾ ചെയ്തവരുടെ എണ്ണം. ജൂൺ മാസത്തിൽ ഇന്ത്യ ടിക്ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. അന്ന് ഇന്ത്യയുടെ ഈ നീക്കം നിരവധി ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ വ്യാപാരത്തെ ദോഷകരമായി ബാധിച്ചു. ആപ്പ് നിരോധനം ചൈനീസ് കമ്പനികൾക്ക് നെഗറ്റീവ് സിഗ്നൽ നൽകുന്നു എന്ന് മാത്രമല്ല വരാൻ തയ്യാറായി നിൽക്കുന്നവരെ പിന്മാറാൻ പ്രേരിപ്പിക്കുന്നതുമാണെന്ന് ഖെയ്താൻ ആന്റ് കമ്പനി സഹ പങ്കാളി അതുൽ പാണ്ഡെ അഭിപ്രായപ്പെട്ടു.