ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എണ്ണക്കപ്പലിൽ വൻ തീപിടിത്തം, അപകടം ശ്രീലങ്കൻ തീരത്ത്
ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എണ്ണക്കപ്പലിൽ വൻ തീപിടിത്തം. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപം ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. കുവൈറ്റിൽ നിന്ന് പാരദ്വീപിലേക്ക് പോവുകയായിരുന്ന കപ്പലിൽ നിറയെ എണ്ണയുണ്ടായിരുന്നു. വൻ തീപിടിത്തമെന്നാണ് ശ്രീലങ്കൻ അധികൃതർ പറയുന്നത്. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഹെലികോപ്ടറും സൈന്യത്തിന്റെ രണ്ട് കപ്പലും രക്ഷാപ്രവർത്തനം നടത്തുകയാണ്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കപ്പലുകളെ നിയോഗിക്കുമെന്നാണ് ശ്രീലങ്കൻ അധികൃതർ പറയുന്നത്. ആർക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് ഐ ഒ സി അധികൃതരുടെ പ്രതികരണം ലഭ്യമല്ല.