ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന തീരുമാനത്തില്‍ ഖേദിക്കുന്നുവെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് ഞാന്‍ ഖേദിക്കുന്ന ഒരു കാര്യം. ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ മൂവ്മെന്റിനെ മുന്നോട്ടു കൊണ്ടുപോയത് ബി.ജെ.പിയും ആര്.എസ്.എസുമായിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കാത്തതിനാല്‍ അത് തിരിച്ചറിയാന്‍ എനിക്കായില്ല.
എന്നാല്‍, പിന്നീട് അത് വ്യക്തമായി. നിര്‍ഭാഗ്യവശാല്‍ ആ പ്രസ്ഥാനം പരോക്ഷമായി നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയിലേക്ക് നയിച്ചു, കാരണം അത് കോണ്‍ഗ്രസിനെ നശിപ്പിച്ചു.
രാജ്യത്തിനും ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്ന ബി.ജെ.പിക്കും മോദിക്കും അധികാരത്തിലെത്താനും ഇത് സഹായിച്ചു.
സ്വന്തം രാഷ്ട്രീയ കാരണങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയും ആര്.എസ്.എസും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത് കാണാനാകാത്തതില്‍, ആ അര്‍ത്ഥത്തില്‍ ഞാന്‍ ഖേദിക്കുന്നു.
രണ്ടാമതായി, അരവിന്ദ് കെജ്രിവാളിനെ നേരത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതിലും ഖേദിക്കുന്നു. അദ്ദേഹം തീരെ മനസ്സാക്ഷിയില്ലാത്തയാളും എന്ത് മാര്‍ഗവും ഉപയോഗിക്കാന്‍ മടിയില്ലാത്തയാളുമാണ്. അതും ഞാന്‍ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു -പ്രശാന്ത് ഭൂഷണ് പറഞ്ഞു.