കണ്ണൂരിനേയും മലബാറിനെയും കൊലക്കളമാക്കിയ പാര്‍ട്ടിയാണ് സിപിഎം: മുല്ലപ്പള്ളി
തിരുവനന്തപുരം: കണ്ണൂരിനെയും മലബാറിനെയും കൊലക്കളമാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊലപാതക സംഘത്തെ പാലൂട്ടി വളര്‍ത്തിയത് സിപിഎമ്മാണെന്നും സിപിഎം വിചാരിച്ചാല്‍ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അഴിമതിയാരോപണങ്ങളില്നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം കൊലപാതകത്തെ ഉപയോഗിക്കുകയാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു തുടക്കം കുറിച്ചതു കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേര്‍ന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ടു വീണുകിട്ടിയ അവസരം സിപിഎം ഉപയോഗിക്കുകയാണ്. പെരിയ ഇരട്ടക്കൊലയുടെ പ്രതികാരമാണ് വെഞ്ഞാറമ്മൂട്ടില്‍ നടന്നതെന്നാണു കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്. പെരിയ ഇരട്ടക്കൊല നടത്തിയതു സിപിഎമ്മാണെന്ന് ഇതിലൂടെ സമ്മതിച്ചിരിക്കുകയാണ്. പെരിയ സംഭവത്തിനുശേഷം കോണ്‍ഗ്രസ് ഏതെങ്കിലും സിപിഎം ഓഫീസുകള്‍ തകര്‍ത്തതു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അക്രമം കോണ്‍ഗ്രസ് നയമല്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.
സിപിഎം ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്കു നിര്‍ദേശം കൊടുത്താല്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയം അവസാനിക്കും. പോലീസും അന്വേഷണവുമല്ല അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള വഴിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സമാധാനം തിരികെ കൊണ്ടുവരും വരെ കോണ്‍ഗ്രസ് സമരങ്ങള്‍ തുടരുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 30 കൊലപാതകം നടന്നുവെന്ന് ചൂണ്ടിക്കാട്ടി.
നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവന നടത്തുകയാണെന്ന് പറഞ്ഞ മുല്ലപ്പള്ളി കൊലപാതകത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ് പി യുടെ പ്രതികരണം കേള്‍ക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി പെരിയ കൊലപാതകം സിപിഎം നടത്തിയതിന്‍്റെ തെളിവാണ് ഇന്നലെ കോടിയേരി എറണാകുളത്ത് നടത്തിയ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നതെന്നും അവകാശപ്പെട്ടു.
കേരളത്തില്‍ വ്യാപകമായി ആസൂത്രിതമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടെന്നും ഇതുവരെ 143 ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു എന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നതെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
“ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട. ഒരു ആക്രമണത്തെയും കോണ്‍ഗ്രസ് ന്യായീകരിക്കില്ല. ന്യായമായ അന്വേഷണം നടത്തണം,” പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും കൊലപാതക രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.