കോവിഡ് രോഗികള്‍ക്ക് സാന്ത്വനം: പിപിഇ കിറ്റിനുള്ളില്‍ നൃത്തച്ചുവടുകളുമായി ഡോക്ടര്‍
കാസര്‍ഗോഡ് : കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യം ബാധിച്ചവര്‍ക്ക് സന്തോഷം പകരാനാണ് പി പി ഇ കിറ്റ് ധരിച്ച് പരിശോധനക്കെത്തിയ ഡോക്ടര്‍ നൃത്തം ചെയ്തത്.ഡോക്ടറുടെ സഹപ്രവര്‍ത്തകരാണ് നൃത്തം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണനാണ് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കുവേണ്ടി ചുവടുവെച്ചത്.മാനസികാസ്വാസ്ഥ്യം ഉള്ളവരെ പാര്‍പ്പിക്കുന്ന പെരിയ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്ന 15 പേരെയാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പടന്നക്കാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റിലേക്ക് മാറ്റിയത്. ഇവരെ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ നൃത്തം വച്ചത്.