‘പുതുക്കിപ്പണിതാൽ 100 വർഷം, ഇല്ലെങ്കിൽ 20 വർഷം’, പാലാരിവട്ടം പാലം പൊളിക്കണമെന്ന് കേരളം
കൊച്ചി: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ അപേക്ഷ. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചു. നിലവിലുള്ള ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കണമെന്നാണ് ആവശ്യം. ഇപ്പോൾ അറ്റകുറ്റപ്പണി മാത്രം നടത്തി പാലം തുറന്നാൽ പരമാവധി 20 വർഷമേ പാലത്തിന് ആയുസ്സുണ്ടാകൂ, പുതിയ പാലം പണിഞ്ഞാൽ, 100 വർഷം വരെ പാലം നിലനിൽക്കുമെന്നും സർക്കാർ അപേക്ഷയിൽ പറയുന്നു. സർക്കാർ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.
സർക്കാർ സുപ്രീകോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പുതിയ അപേക്ഷയിൽ കേരളം പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്: അടിയന്തരമായി പാലാരിവട്ടത്തെ മേൽപ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൊച്ചിയിൽ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം സെപ്റ്റംബറിൽ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കും.
പാലം നിലനിൽക്കുമോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച് പഠിച്ച പല വിദഗ്ധസമിതികളും റിപ്പോർട്ട് നൽകിയതാണ്. മേൽപ്പാലം പുതുക്കിപ്പണിതാൽ 100 വർഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാൽ 20 വർഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സർക്കാർ പുതിയ അപേക്ഷയിൽ പറയുന്നു.
പാലാരിവട്ടം പാലം കേസ് വേഗത്തിൽ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ തൽസ്ഥിതി തുടരാനും നിര്‍മ്മാണ കമ്പനിയോട് മറുപടി നൽകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിന്റെ നടപടികൾ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപേക്ഷ. കേസ് വേഗത്തിൽ പരിഗണിച്ച് പാലം പുതുക്കി പണിയാൻ അനുമതി നൽകണമെന്ന് അപേക്ഷയിൽ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
പാലം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ വേഗത്തിലാക്കാൻ നീക്കം സര്‍ക്കാര്‍ നടത്തുന്നത്.