മാഷ് പദ്ധതി : ബേഡഡുക്ക റേഡിയോ മാതൃകാപരം , അഭിനന്ദനാർഹം – ജില്ലാകളക്ടർ
കാസർകോട്: കോവിഡ് നിർവ്യാപനത്തിന് ജില്ലാ ഭരണ സംവിധാനം അധ്യാപകരുടെ പങ്കാളിത്തത്തോടെ വാർഡ്തല ജനജാഗത സമിതികളെ ശക്തമാക്കുന്നതിന് രൂപം നൽകിയ മാഷ് പദ്ധതിയുടെ മാതൃകപരമായ നടത്തിപ്പിന് റേഡിയോ ആരംഭിച്ച ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനെ ഐ ഇ സി കോവിഡ് 19 ജില്ലാതല കോർഡിനേഷൻ കമ്മിറ്റി യോഗം അഭിനന്ദിച്ചു. മറ്റു തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ച കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. വാർഡ്തല ജാഗ്രത സമിതികളെ ശക്തിപ്പെടുത്താൻ അധ്യാപകരുടെ സാന്നിധ്യം സഹായിക്കും. സംസ്ഥാന സർക്കാർ ബ്രെയ്ക്ക് ദി ചെയിൻ ക്യാമ്പൈൻ ശക്തമാക്കാൻ തീരുമാനിച്ചതിനാൽ താഴെത്തട്ടിൽ മാസ്ക്, രണ്ടു മീറ്റർ സാമൂഹിക അകലം, സോപ്പ്, സാനിറ്റൈസർ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവൽക്കരണം നടത്തുകയും നിയമലംഘനം നടത്തുന്നവരെ കുറിച്ച് ജില്ലാ ഭരണ സംവിധാനത്തിന് വിവരം കൈമാറുകയുമാണ് മാഷ്പദ്ധതിയുടെ ഭാഗമായി അധ്യാപകർ നൽകുന്ന സേവനം. ഈ ബോധവൽക്കരണത്തിന് ബേഡഡുക്കപഞ്ചായത്ത് റേഡിയോ സംവിധാനം ഉപയോഗിക്കുന്നതിലൂടെ പരമാവധി ജനങ്ങളിലേക്ക് ഈ സന്ദേശം പ്രചരിപ്പിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ആളുകൾ കൂട്ടം കൂടുന്നത് തടയാനും ഇതു വഴി സാധിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് റേഡിയോ പ്രക്ഷേപണ പ്രവർത്തനം നടത്തുന്നത്. മാഷ്പദ്ധതി ജനകീയവൽക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന പ്രവർത്തനത്തെ യോഗം അഭിനന്ദിച്ചു. ഇതര സംസ്ഥാന പൂക്കൾ ഒഴിവാക്കിയും ആഘോഷത്തിനായി പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നത് നിയന്ത്രിച്ചും
ഓണാഘോഷ വേളയിൽ സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിച്ചു പ്രവർത്തിച്ച പൊതുജനങ്ങളെയും യോഗം പ്രശംസിച്ചു. വരാനിരിക്കുന്ന ആഘോഷവേളകളിലും രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ സംബന്ധിച്ച ബോധവൽക്കരണം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാകളക്ടർ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഡി എം എൻ ദേവീദാസ് , ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് , മാഷ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി. ദിലീപ് കുമാർ, സീനിയർ സൂപ്രണ്ട് കെ ജി മോഹനൻ, സാമൂഹിക സുരക്ഷാമിഷൻ ജില്ലാ കോർഡിനേറ്റർ ജി ഷോ ജെയിംസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.