‘സമ്പദ് വ്യവസ്ഥ തകര്‍ന്നു, ചീഞ്ഞരാഷ്ട്രീയം കളിക്കരുതെന്ന് അന്ന് മോദി’; പഴയ ട്വീറ്റ് കുത്തിപ്പൊക്കി ചിദംബരത്തിന്റെ മറുപടി
ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ്വ്യവസ്ഥ തകരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. 2013ലെ മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സമ്പദ്വ്യവസ്ഥ പ്രശ്നത്തിലാണെന്ന് കാണിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്നായിരുന്നു അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരം ഇപ്പോള്‍ ട്വീറ്റ്ചെയ്തത്.‘സമ്പദ് വ്യവസ്ഥ പ്രശ്നത്തിലാണ്. യുവാക്കള്‍ക്ക് ജോലിവേണം. ചീഞ്ഞ രാഷ്ട്രീയം കളിക്കാതെ സാമ്പത്തിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുക്കൂ. ചിദംബരം ജീ, നിങ്ങള്‍ ആദ്യം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ,’ എന്നായിരുന്നു മോദിയുടെ 2013ലെ ട്വീറ്റ്.
ആദരണീയനായ പ്രധാനമന്ത്രിയോട് എനിക്കും ഇതേ കാര്യം തന്നെയാണ് പറയാനുള്ളത്! എന്നായിരുന്നു ചിദംബരം റീട്വീറ്റ് ചെയ്തത്.
ജി.ഡി.പി നിരക്ക് താഴുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരമായി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനിടയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കാര്യമായി തകര്‍ന്നിട്ടുണ്ടെന്നും അതിനെ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടത്തണമെന്നും അദ്ദേഹം പറയുന്നു.
I have to say the same thing to the Honourable Prime Minister! pic.twitter.com/reNmp84mRu
— P. Chidambaram (@PChidambaram_IN) September 2, 2020
കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ‘ദൈവത്തിന്റെ പ്രവര്‍ത്തനം’ എന്ന പ്രതികരണത്തെ വിമര്‍ശിച്ചും ചിദംബരം രംഗത്തെത്തിയിരുന്നു.
മനുഷ്യനിര്‍മിത ദുരന്തത്തിന് ദൈവത്തെ പഴിക്കേണ്ടെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് ഒരു തമാശയാണെന്നും അദ്ദേഹം പറഞ്ഞു.