മോദി നിര്‍മ്മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുകയാണ്’; പരാജയങ്ങള്‍ എണ്ണിപറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: മോദി നിര്‍മ്മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് അടുത്തിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭരണ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
രാഹുല്‍ഗാന്ധി ലിസ്റ്റ് ചെയ്ത ആറു പരാജയങ്ങള്‍ ഇവയാണ്
1. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 23.9 ശതമാനത്തിലെത്തി
2. നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
3. പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം.
4. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി കുടിശിക നല്‍കുന്നില്ല
5. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡിന്റെ പ്രതിദിന വര്‍ധന.
6. അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം
India is reeling under Modi-made disasters:
1. Historic GDP reduction -23.9%
2. Highest Unemployment in 45 yrs
3. 12 Crs job loss
4. Centre not paying States their GST dues
5. Globally highest COVID-19 daily cases and deaths
6. External aggression at our borders
— Rahul Gandhi (@RahulGandhi) September 2, 2020
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം കടുക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. സ്വാകാര്യവത്കരണത്തിനെതിരെയും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്കിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ വലിയ ക്യാമ്പയിന് ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
ചൊവ്വാഴ്ച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളെ വിമര്‍ശിച്ചിരുന്നു. മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തത്തെ ദൈവത്തിന്റെ തലയില്‍ വെച്ചുകെട്ടാന്‍ സാധിക്കില്ലെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. നിര്‍മ്മല സീതാരാമന് സാമ്പത്തിക പ്രതിസന്ധിയെ ദൈവത്തിന്റെ ചെയ്തികള്‍ എന്ന് വിശേഷിപ്പിച്ചതിനോടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ ആഗസ്ത് മാസത്തിലെ കണക്ക് ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുത്തനെ ഉയരുകയാണെന്ന് സൂചിപ്പിച്ചിരുന്നു.
കാര്‍ഷിക മേഖലയിലും ഔദ്യോഗിക മേഖലയിലും കഴിഞ്ഞ മാസത്തോടെ തൊഴിലില്ലായ്മ നിരക്ക് വഷളായതായി സര്‍വേ വ്യക്തമാക്കുന്നു.
സി.എം.ഐ.ഇയുടെ പുതിയ കണക്കുപ്രകാരം നഗര മേഖലയില്‍ ജൂലൈയിലുണ്ടായിരുന്നതിനെക്കാളും വര്‍ധിച്ച നിരക്കാണ് ഇപ്പോഴുള്ളത്. ജൂലൈയില്‍ 9.15 ശതമാനമായിരുന്നു തൊഴില്ലായ്മ നിരക്കെങ്കില്‍ ഓഗസ്റ്റിലത് 9.83 ശതമാനമായി വര്‍ധിച്ചു. അതായത് നഗര മേഖലയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് ജോലിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായാണ് കാണുന്നത്. ജൂലൈ മാസത്തില്‍ 6.66 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കില്‍ അത് ഓഗസ്റ്റിലെത്തുമ്പോള്‍ 7.65 ശതമാനമായി വര്‍ധിച്ചു.
ലോകത്ത് തന്നെ ജിഡിപി നിരക്കില്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സാമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് സര്‍ക്കാര്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നതിനിടെയാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഹരിയാനയാണ്. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയാണ് രണ്ടാം സ്ഥാനത്ത് 27.9 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്.
നേരത്തെയും കൊവിഡ് മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ചൂ്ണ്ടിക്കാട്ടിയിരന്നു.