കെഎസ്ആര്‍ടിസിയും ഹൈടെക്കിലേക്ക് ഭരണാനുമതി കിട്ടിയത് 16.98 കോടി രൂപയുടെ പദ്ധതിക്ക്
അടിമുടി മാറ്റമെന്ന് എം.ഡി.ബിജു പ്രഭാകര്‍
തിരുവന്തപുരം:കെഎസ്ആര്‍ടിസി-യില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണവും ഇ- ഗവേണന്‍സും നടപ്പാക്കാന്‍ പദ്ധതി. 16.98 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കി. അഞ്ച് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. ഭരണപരമായ നടപടികള്‍, സര്‍വീസ് ഓപ്പറേഷന്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടിക്കറ്റിങ് തുടങ്ങിയവ നവീകരിക്കും. ഇതോടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കും. ഇതുമായി ബന്ധപ്പെടുത്തി പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കും. യാത്രക്കാര്‍ക്ക് ലൈവ് ട്രാക്കിങ് ആപ് സേവനം ലഭ്യമാക്കും. ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ സ്ഥാനം എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാകും. സീറ്റ് ലഭ്യതയും അറിയാം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.
വാഹനങ്ങളുടെ നിയന്ത്രണത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക കണ്ട്രോള് സെന്ററിനും ഹെല്‍പ്പ് ഡെസ്കിനും രൂപം നല്‍കും. ക്യാഷ്ലസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിങ് സംവിധാനം ജിപിഎസുമായി ബന്ധപ്പെടുത്തി നടപ്പാക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡും ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീന് നടപ്പാക്കും. മൊബൈല്‍ ടിക്കറ്റിങ് സംവിധാനവും ഉണ്ടാകും