വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പിന്നിൽ കോൺഗ്രസ് പഞ്ചായത്തംഗവും പോലീസ് തിരച്ചിൽ തുടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കോൺഗ്രസ് പഞ്ചായത്തംഗത്തിനുവേണ്ടി പൊലീസ് തെരച്ചിലാരംഭിച്ചു. മാണിക്കൽ പഞ്ചായത്തിലെ തലയിൽ വാർഡംഗം ഗോപനെയാണ് പൊലീസ് തെരയുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് കൊലയാളികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവശേഷം പൊലീസ് ഗോപനെ വിളിച്ചിരുന്നു. അതിനുശേഷമാണ് ഒളിവിൽ പോയത്. ഗോപന്റെ വീട്ടിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. കൊലയാളികളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചോ എന്ന് വ്യക്തമല്ല.അതേസമയം കേസിലെ കൂടുതൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു. മുഖ്യപ്രതികളായ സജീവ്, സനൽ,ഇവരെ ഒളിവിൽ പോകാൻ സഹായിച്ച പ്രീജ എന്നിവരാണ് ഇന്നലെ പൊലീസ് പിടികൂടിയത്. കേസിൽ നേരിട്ട് ബന്ധമുളള ഐ എൻ ടി യു സി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവോണത്തലേന്ന് അർദ്ധരാത്രിയിലാണ് ഇരട്ടക്കൊല നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനെയും (32), ഹഖ് മുഹമ്മദിനെയും (28) കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്.