ഇടയിലക്കാട്ട് മുടക്കമില്ലാതെ വാനരസദ്യ,കെങ്കേമമായി ഓണമുണ്ട് വാനരക്കൂട്ടം ,നാട്ടുകാർ രംഗം കണ്ടത് ഓൺലൈനിൽ
തൃക്കരിപ്പൂർ :കോവിഡ് മഹാമാരി സർവ മേഖലയെയും വരിഞ്ഞുമുറുക്കുമ്പോഴും ഇടയിലെക്കാട് കാവിലെ വാനരരുടെ സദ്യയ്ക്ക് പതിമൂന്നാം വർഷമായ ഇക്കുറിയും മുടക്കം വന്നില്ല. ആളും ആരവങ്ങളുമില്ലെങ്കിലും കെങ്കേമമായി ഓണസദ്യയുണ്ടു.ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി ക്കു വേണ്ടി ഇക്കുറി മുതിർന്നവർ തന്നെ സദ്യവട്ടങ്ങളൊരുക്കി. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഗ്രന്ഥാലയം പ്രവർത്തക സമിതിയംഗങ്ങൾ മാത്രം നേതൃത്വം നൽകിയ സദ്യ ഇത്തവണ കുട്ടികൾ തത്സമയം ഓൺലൈനിൽ കാണാൻ അവസരമൊരുക്കി.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സദ്യയുടെ തീയതിയും സമയവും മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല .ആളുകളുടെ വരവ് തടയാനായിരുന്നു പ്രചാരണം ഒഴിവാക്കിയത്. കാവിലെ മുപ്പതോളമുള്ള വാനരസംഘത്തിന് 20 വർഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കം ഫെബ്രുവരി മുതൽ അസുഖം മൂലം കിടപ്പിലായതിനാൽ കുരങ്ങുകളുടെ പ്രിയപ്പെട്ട പോറ്റമ്മയുടെ അഭാവത്തിലായിരുന്നു ഇത്തവണത്തെ അവിട്ടം നാളിലെ സദ്യ. എങ്കിലും മാണിക്കത്തിന്റെ ദൗത്യം പോലെ ഏറ്റെടുത്ത് ഇപ്പോൾ നിത്യവും ചോറൂട്ടുന്ന ഓട്ടോറിക്ഷ ഡ്രൈവർ കെ മഹേഷ് “പപ്പീ ….” എന്ന് നീട്ടി വിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി.മഹേഷാണ് ഉപ്പു ചേർക്കാത്ത ചോറുരുളകൾ വാഴയിലയിൽ വിളമ്പിയത്. ചോറിന് പിറകെ പപ്പടത്തിന്റെ ആകൃതിയിൽ മുറിച്ചെടുത്ത ബീറ്റ്റൂട്ടും വിവിധ തരത്തിൽ അരിഞ്ഞെടുത്ത തക്കാളി, ക്യാരറ്റ് ,വെള്ളരി, കക്കിരി, കോവയ്ക്ക, സർബത്തിൻ കായ, വാഴപ്പഴം, സപ്പോട്ട, പൈനാപ്പിൾ ,തേങ്ങാപ്പൂൾ എന്നിവ ഡസ്കിന് മുകളിൽ കൊതിയൂറുന്ന വിഭവങ്ങളായി നിരന്നു. മുപ്പതോളമുള്ള വാനര സംഘത്തിൽ ഇരുപതോളം പേരും സദ്യയിൽ പങ്കുചേരാനെത്തി.ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസ്സിൽ വെള്ളവും നൽകി.
വാനരക്കൂട്ടത്തിന്റെ എണ്ണം അഞ്ചായി ചുരുങ്ങിയപ്പോൾ, നവോദയ ഗ്രന്ഥാലയം തൃശൂർ മൃഗശാലയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ കാവിലെത്തുന്ന സന്ദർശകർ നൽകുന്ന ഭക്ഷണങ്ങളായ ബിസ്കറ്റും ഉപ്പു ചേർത്ത പലഹാരങ്ങളും പ്രത്യുൽപ്പാദനശേഷിയെ നശിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു.
ഗ്രന്ഥാലയം പ്രവർത്തകരായ പി വേണുഗോപാലൻ, പി വി പ്രഭാകരൻ, പഞ്ചായത്തംഗം വി കെ കരുണാകരൻ, എം ബാബു ,ടി പി രാമചന്ദ്രൻ ,എൻ വി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.