‘ഡിസ്ലൈക്കോട് ഡിസ്ലൈക്ക്’ ;മോദിയുടെ മൻ കി ബാത്തിനെ തള്ളി സാമൂഹ്യ മാധ്യമങ്ങൾ,അങ്കലാപ്പിലായത് ബിജെപി സൈബർ സംഘം
ന്യൂഡൽഹി :നാടൻ പട്ടികളെ വളർത്താനും കളിപ്പാട്ടങ്ങൾ കൂടുതലായി നിർമിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ പ്രസംഗത്തിന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ‘ഡിസ്ലൈക്ക്’. കോവിഡ് പരിഗണിച്ച് നീറ്റ്–- ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതിൽ വിദ്യാർഥി സമൂഹത്തിനുള്ള രോഷമാണ് മൻ കി ബാത്തിനെതിരായ ഡിസ്ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതൽ ഡിസ്ലൈക്ക്. ചൊവ്വാഴ്ച രാത്രിവരെ 46 ലക്ഷം പേർ ഈ ചാനലിലൂടെ പ്രസംഗം കേട്ടു. 9.6 ലക്ഷം പേർ ഡിസ്ലൈക്ക് ചെയ്തപ്പോൾ ലൈക്ക് 2.1 ലക്ഷം മാത്രം. പിഎംഒ യുട്യൂബ് ചാനലിൽ 14.67 ലക്ഷം പേർ പ്രസംഗം കേട്ടു. 72000 പേർ ലൈക്കും 1.7 ലക്ഷം ഡിസ്ലൈക്കും. നരേന്ദ്ര മോഡി, പ്രസ്ഇൻഫർമേഷൻ ബ്യൂറോ എന്നീ യുട്യൂബ് ചാനലുകളിലും ഡിസ്ലൈക്ക് ബഹുദൂരം മുന്നിലെത്തി. നരേന്ദ്ര മോഡി എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ ഡിസ്ലൈക്ക് 42000 വും ലൈക്ക് 24000 വും. പിഐബിയുടെ യുട്യൂബ് ചാനലിൽ ഡിസ്ലൈക്ക് പതിനേഴായിരം. ലൈക്ക് 6500.
പ്രസംഗം ലൈക്ക് ചെയ്യാൻ അണികൾക്ക് ബിജെപി നേതൃത്വം നിർദേശം നൽകിയതിനെത്തുടർന്നാണ് ബിജെപി ചാനലിൽ പോലും ലൈക്ക് രണ്ടുലക്ഷം കടന്നത്. സംഘപരിവാർ സംഘടിതമായി ശ്രമിച്ചിട്ടും ഡിസ്ലൈക്കുകളെ തടുത്തുനിർത്താനായില്ല. പ്രസംഗത്തിനുള്ള കമന്റുകളിലും രൂക്ഷവിമർശമുയര്ന്നു.
ഡിസ്ലൈക്കുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന അവകാശവാദവുമായി ബിജെപി സോഷ്യൽ മീഡിയാ ചീഫ് അമിത് മാളവ്യ രംഗത്തുവന്നു.