സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ചത് അട്ടപ്പാടി സ്വദേശിനി
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. അട്ടപ്പാടി സ്വദേശി നിഷയാണ് മരിച്ചത്. 24 വയസായിരുന്നു.മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഓഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എൻ.വി. ഫ്രാൻസിസ് (76), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കാസർകോട് അരായി സ്വദേശി ജീവക്യൻ (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കാസർഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശൻ (45), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമൻ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി.സംസ്ഥാനത്ത് ഇന്നലെ 1140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.