കച്ചമുറുക്കി ജോസും ജോസഫും ,
ആരെ കൊള്ളണം ,ആരെ തള്ളണം ,പകച്ച് പിരാന്ത് പിടിച്ച് യു ഡി എഫ്
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം വന്നതോടെ പുതിയ നീക്കവുമായി ജോസ് കെ മാണിയും പി.ജെ ജോസഫും. രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കറെ കണ്ടേക്കുമെന്നാണ് വിവരം. അതേസമയം കമ്മിഷൻ തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ജോസഫ് വിഭാഗം ഒരുങ്ങുന്നത്.പി.ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എം.എൽ.എമാർക്കൊപ്പം രണ്ട് എം.പിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാർട്ടിയും ചിഹ്നവും സ്വന്തമായതോടെയാണ് നിയമസഭ വിപ്പ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗം നിയമ നടപടിക്ക് ഒരുങ്ങുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നതോടെ യു.ഡി.എഫിലെ ഒരു വിഭാഗത്തിന് മനം മാറ്റമുണ്ടായതായാണ് വിവരം. ജോസിനെ പൂർണമായും മാറ്റി നിർത്തേണ്ട എന്നാണ് ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പിൽ എത്ര സീറ്റ് നൽകും എന്നീ ചർച്ചകൾ അടക്കം നടത്തി ജോസ് വിഭാഗത്തെ തിരികെ കൊണ്ടുവരണമെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ വിപ്പ് ലംഘനം നടത്തുകയും കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ പാലിക്കാതെയും ഇരിക്കുന്ന ജോസ് വിഭാഗത്തെ ഒരു കാരണവശാലും മുന്നണിയിലേക്ക് അടുപ്പിക്കരുത് എന്നാണ് മറുവിഭാഗം ഉന്നയിക്കുന്ന വാദം.മൂന്നാം തീയതി ചേരുന്ന യു.ഡി.എഫ് യോഗത്തിലാകും ജോസിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കൃത്യമായ തീരുമാനമുണ്ടാവുക. യു.ഡി.എഫുമായി ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ജോസഫ് ഉള്ള മുന്നണിയിലേക്ക് ജോസ് വിഭാഗം തിരിച്ചുവരില്ലയെന്നത് അവരുടെ പാർട്ടി തീരുമാനമാണ്. അപമാനിച്ച് പുറത്താക്കിയവരോട് ഒത്തുതീർപ്പിന് വഴങ്ങേണ്ടയെന്നാണ് ജോസ് വിഭാഗം ഉന്നയിക്കുന്ന വാദം.