കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകം; നാളെ സിപിഐ എം കരിദിനം ആചരിക്കും
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാർത്താക്കുറിപ്പിൽ അഭ്യര്‍ത്ഥിച്ചു.
വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെ തുടര്‍ന്ന് സഖാക്കള്‍ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. നിഷ്ഠൂരമായ ഒരു കൊലപാതകമാണിത്. നേരത്തേയും സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോള്‍ നടന്ന സംഭവം കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത് ഈ സംഭവം ജനങ്ങളില്‍ വലിയ അമര്‍ഷവും രോക്ഷവും ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ടി പ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ ആത്മസമീപനം പാലിച്ച് കൊലപാതക പാര്‍ടിയായ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.
സെപ്തംബര്‍ 2 ന് സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും. നിയമസഭയില്‍ കോണ്‍ഗ്രസ്സ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെതുടര്‍ന്ന് നിരാശരായകോണ്ഗ്രസ്സ് നേതൃത്വം വിവിധ രൂപത്തില്‍ കലാപം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത് എന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണ് – കോടിയേരി പറഞ്ഞു.