റെഡ് ക്രസന്റിനെതിരായ ആക്ഷേപം തിരിച്ചടിയാകും
ന്യൂഡൽഹി :രാജ്യാന്തരതലത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന എമിറേറ്റ്സ് റെഡ് ക്രസന്റിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം നടത്തിവരുന്ന അപവാദപ്രചാരണം ഇന്ത്യക്ക് തിരിച്ചടിയാകും. റെഡ്ക്രോസ് ഇന്റർനാഷണലിന്റെ സഹപ്രസ്ഥാനമാണ് റെഡ് ക്രസന്റ്. ഇന്ത്യയിൽ റെഡ് ക്രോസും റെഡ് ക്രസന്റും പങ്കാളികളാണ്. കേരളത്തിലെ ഭവനപദ്ധതിയുടെ പേരിൽ റെഡ് ക്രസന്റ് വൻതോതിൽ പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടായെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. അടിസ്ഥാനരഹിതമായ ഇത്തരം ആക്ഷേപങ്ങൾ മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നതോടെ വികൃതമാകുന്നത് രാജ്യത്തിന്റെ മുഖമാണ്.
തുടർച്ചയായി ദുരിതാശ്വാസ–- സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് എമിറേറ്റ്സ് റെഡ് ക്രസന്റ്. 1983ൽ സ്ഥാപിതമായ ഇത് 1986ൽ രാജ്യാന്തര റെഡ് ക്രസന്റ്, റെഡ് ക്രോസ് സൊസൈറ്റികളുടെ ഭാഗമായി.
കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോൾ ധനസഹായം നൽകാൻ ഇവർ സന്നദ്ധരായി. എന്നാൽ, സംസ്ഥാനസർക്കാർ വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ വിലക്കി. പിന്നീടാണ് ഭവനനിർമാണത്തിന് റെഡ്ക്രസന്റ് സഹായം നൽകിയത്. ഗുജറാത്ത്, കർണാടക, തമിഴ്നാട്, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കുടിവെള്ള വിതരണപദ്ധതികൾക്ക് റെഡ്ക്രസന്റ് സാമ്പത്തികസഹായം നൽകുന്നു. റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് വിദൂരഗ്രാമങ്ങളിൽ 1700ൽപ്പരം കിണറുകൾ സ്ഥാപിച്ചു. ഇപ്പോൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സഹായിക്കുന്നു. യമൻ, സിറിയ, ഇറാഖ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും ദുരിതങ്ങളും ഉണ്ടായപ്പോഴും റെഡ്ക്രസന്റ് സഹായം എത്തിച്ചു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിലെ റെഡ്ക്രോസ്, റെഡ് ക്രസന്റ് സൊസെറ്റികൾ യുദ്ധ–-സമാധാന കാലങ്ങളിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം രാജ്യാന്തര സഹകരണങ്ങൾക്കുമേൽ കരിനിഴൽ പടർത്തുന്ന രീതിയിലാണ് സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആക്ഷേപങ്ങൾ.